ബാഴ്സലോണ താരം ഔബമെയങിന്റെ വീട്ടിൽ കവർച്ച; താരത്തെ ആക്രമിച്ചു
മാഡ്രിഡ്: ബാഴ്സലോണയുടെ ഗാബോൺ താരം പിയറെ എമെറിക് ഔബമെയങിന്റെ വീട് വീണ്ടും കൊള്ളയടിക്കപ്പെട്ടു. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് താരത്തിന്റെ വീട്ടിൽ മോഷണം നടക്കുന്നത്. ബാഴ്സലോണയിലെ മെട്രോപൊളിറ്റൻ ഏരിയയിലെ പ്രാന്തപ്രദേശമായ കാസ്റ്റല്‍ഡെഫല്‍സിലെ വീട്ടിലേക്ക് ആയുധധാരികളായ മോഷ്ടാക്കൾ അതിക്രമിച്ചു കയറുകയായായിരുന്നു. ഔബമേയാംഗിനെയും ഭാര്യയെയും ആക്രമിച്ച ശേഷമാണ് സംഘം കവർച്ച നടത്തിയത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇരുവർക്കും നിസ്സാര പരിക്കേറ്റതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തവണ മുഖംമൂടി ധരിച്ചെത്തിയ 4 അക്രമികൾ വീട്ടിൽ അതിക്രമിച്ചുകയറി താരത്തെയും കുടുംബത്തെയും ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ബാഴ്സലോണ പോലീസ് അറിയിച്ചു.