ലോകത്തിന്റെ ഹൃദയം കവർന്ന് ഉക്രേനിയൻ പെൺകുട്ടിയുടെ പാട്ട്

ലോകത്തിന്റെ ഹൃദയം കീഴടക്കി ഉക്രേനിയൻ പെൺകുട്ടിയുടെ പാട്ട്. സോഷ്യൽ മീഡിയയിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കായ ആളുകളിലേക്ക് പെൺകുട്ടിയും അവളുടെ പാട്ടും എത്തിക്കഴിഞ്ഞു. അമേലിയ എന്നാണ് പെൺകുട്ടിയുടെ പേര്.

ഡിസ്നിയുടെ 'ഫ്രോസൺ' എന്ന ചിത്രത്തിലെ "ലെറ്റ് ഇറ്റ് ഗോ" എന്ന ഗാനമാണ് അമേലിയ ആലപിക്കുന്നത്. യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു ബോംബ് ഷെൽട്ടറിൽ ഒത്തുകൂടിയ ആളുകൾക്ക് വേണ്ടിയാണ് അമേലിയ പാടുന്നത്. അങ്ങേയറ്റം പ്രചോദനാത്മകമായ ഗാനം അതിമനോഹരമായാണ് പെൺകുട്ടി ആലപിക്കുന്നത്.

ഞായറാഴ്ച പോസ്റ്റ് ചെയ്ത ഗാനം ഇതിനോടകം ഒന്നരക്കോടിയോളം ആളുകൾ കണ്ടുകഴിഞ്ഞു. 2013-ലാണ് ഫ്രോസൺ പുറത്തിറങ്ങിയത്. സിനിമയിൽ കേന്ദ്ര കഥാപാത്രമായ എൽസ രാജകുമാരിക്ക് ശബ്ദം നൽകിയ ഇഡിന മെൻസലും പെൺകുട്ടിക്ക് ആശംസകൾ നേർന്ന് രംഗത്തെത്തി. "ഞങ്ങൾ നിങ്ങളെ കാണുന്നു. ഞങ്ങൾ നിങ്ങളെ ശരിക്കും കാണുന്നു," വീഡിയോയ്ക്ക് മറുപടിയായി മെൻസൽ ട്വീറ്റ് ചെയ്തു.

ഷെൽട്ടറിലെ ആളുകളുടെ പ്രോത്സാഹനത്തിലാണ് പെൺകുട്ടി പാടിത്തുടങ്ങുന്നത്. ആദ്യത്തെ ഏതാനും വരികൾ കഴിയുമ്പോഴേക്കും ജനക്കൂട്ടം തീർത്തും നിശബ്ദരാകുന്നു. മങ്ങിയ വെളിച്ചമുള്ള ഷെൽട്ടറിൽ ആളുകൾ എങ്ങിനെ കഴിഞ്ഞുകൂടുന്നു എന്ന് കാണിക്കാനായി വീഡിയോ റെക്കോഡു ചെയ്യുന്ന വ്യക്തി ക്യാമറ പാൻ ചെയ്യുന്നുണ്ട്. പാട്ട് തീരുമ്പോൾ സദസ്സിന്റെ കരഘോഷമാണ് ഉയർന്നു കേൾക്കുന്നത്. പെൺകുട്ടി പുഞ്ചിരിക്കുന്നതും കാണാം.

Related Posts