അര്‍ജന്‍റീനയെ തകർത്ത സൗദി ടീമിന് കോളടിച്ചു; ലഭിക്കുക റോള്‍സ് റോയ്സ് ഫാന്‍റം
അർജന്‍റീനയ്ക്കെതിരെ തകർപ്പൻ വിജയം സമ്മാനിച്ച എല്ലാ ഫുട്ബോൾ താരങ്ങൾക്കും സൗദി രാജകുമാരൻ റോൾസ് റോയ്സ് ഫാന്‍റം എന്ന ആഡംബര വാഹനം നൽകുമെന്ന് റിപ്പോർട്ട്. ലോകകപ്പ് കഴിഞ്ഞ് ടീം തിരികെ നാട്ടിലെത്തുമ്പോള്‍ സൗദി രാജകുമാരൻ മൊഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് സമ്മാനം നൽകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും വലിയ അട്ടിമറികളിലൊന്നുമായി ലോക ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ശേഷം സൗദി കിരീടാവകാശി തന്‍റെ കൂടെയുള്ളവരെ കെട്ടിപ്പിടിച്ച് ആഘോഷങ്ങൾ പങ്കിടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മത്സരത്തിന്‍റെ വിജയത്തിന് ശേഷം ദേശീയ അവധി നൽകിയാണ് സൗദി അറേബ്യ ദേശീയ ടീമിന്‍റെ വിജയം ആഘോഷിച്ചത്. മത്സരം കാണാൻ ഓഫീസുകൾക്ക് ഭാഗിക അവധിയും നൽകിയിരുന്നു. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അടക്കമാണ് അവധി പ്രഖ്യാപിച്ചത്. മത്സരത്തിനിടെ പരിക്കേറ്റ ഡിഫൻഡർ യാസർ അൽ സഹ്റാനിയെ ജർമ്മനിയിലേക്ക് എയർലിഫ്റ്റ് ചെയ്യാൻ കിരീടാവകാശി ഉത്തരവിട്ടതും വാർത്തയായിരുന്നു. താരത്തിന്‍റെ താടിയെല്ലിന് പൊട്ടലുണ്ട്. കൂടാതെ, ഇടത് മുഖത്തെ അസ്ഥിയും ഒടിഞ്ഞു. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർജന്‍റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സൗദി അറേബ്യ തോൽപ്പിച്ചത്. 10-ാം മിനിറ്റില്‍ ലയണല്‍ മെസിയുടെ പെനല്‍റ്റി ഗോളില്‍ മുന്നിലെത്തിയ അര്‍ജന്‍റീനയെ 48ാം മിനിറ്റില്‍ സാലെഹ് അല്‍ഷെഹ്‌രിയിലൂടെ സൗദി ഒപ്പം പിടിച്ചു. കളിയിൽ പകുതി സമയം ബാക്കിയുണ്ടായിരുന്നെങ്കിലും മുന്നേറാൻ ശ്രമിച്ച അർജന്‍റീനൻ താരങ്ങളെ തഴഞ്ഞ് സൗദി അറേബ്യ ചരിത്രവിജയത്തോടെയാണ് ഗ്രൗണ്ട് വിട്ടത്.