ലഹരി പാർട്ടികളിലെ ഉദ്യോഗസ്ഥരുടെ പങ്ക്; അന്വേഷിക്കാൻ എക്സൈസ്
തിരുവനന്തപുരം: പൊലീസിൽ ഗുണ്ടാബന്ധം കണ്ടെത്തിയതോടെ നടപടി കർശനമാക്കി എക്സൈസ്. വലിയ പാർട്ടികളിൽ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയാണ് എക്‌സൈസ് വകുപ്പ്. കഴിഞ്ഞ വർഷം മാത്രം 28 പേർ നടപടി നേരിട്ടതോടെ വകുപ്പിലും അഴിമതിക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നാണ് എക്സൈസ് വകുപ്പിന്‍റെ വിലയിരുത്തൽ. ഡെപ്യൂട്ടി കമ്മീഷണർ മുതൽ സിവിൽ എക്സൈസ് ഓഫീസർമാർ വരെ കഴിഞ്ഞ വർഷം മാത്രം നടപടി നേരിട്ട ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു. കൈക്കൂലി, അന്വേഷണം അട്ടിമറിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കേസുകളിലാണ് എക്സൈസ് ഉദ്യോഗസ്ഥർ പിടിയിലായത്. ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ചുള്ള വലിയ പാർട്ടികളിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന് എക്സൈസ് ഇന്‍റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊലീസിലെ ഗുണ്ടാബന്ധം പുറത്തുവന്നതിന് പിന്നാലെ ഇത്തരം പാർട്ടികളിൽ ഔദ്യോഗിക സാന്നിദ്ധ്യം ഉണ്ടോയെന്നാണ് എക്സൈസ് വകുപ്പ് പരിശോധിക്കുന്നത്.