മികച്ച പ്രതികരണവുമായി 'രോമാഞ്ചം'; ആദ്യ നാല് ദിവസം കൊണ്ട് നേടിയത് 4.35 കോടി
റിലീസിന് മുമ്പ് വലിയ പ്രേക്ഷക ശ്രദ്ധയോ ഹൈപ്പോ ഇല്ലാതെ എത്തി ബോക്സ് ഓഫീസ് കണക്കുകളെ അത്ഭുതപ്പെടുത്തുന്ന ധാരാളം ചിത്രങ്ങൾ മലയാളത്തിലടക്കം നിരവധി ഉണ്ടായിട്ടുണ്ട്. അത്തരം ചിത്രങ്ങളിലൊന്നാണ് നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്ത 'രോമാഞ്ചം'. ഫെബ്രുവരി 3ന് കേരളത്തിൽ 146 സ്ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രം, നൂണ്‍ ഷോകള്‍ക്ക് ശേഷം സാമൂഹ്യ മാധ്യമങ്ങളിലെ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ആദ്യ നാല് ദിവസം കൊണ്ട് ചിത്രം 4.35 കോടി രൂപ നേടിയെന്നും ഇന്നത്തെ കളക്ഷൻ കൂടി കൂട്ടിയാൽ ചിത്രം അഞ്ച് കോടി കടക്കുമെന്നുമാണ് റിപ്പോർട്ടുകൾ. പല മൾട്ടിപ്ലക്സുകളിലും ചെറിയ സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം ഡിമാൻഡ് വർദ്ധിച്ചതിനെ തുടർന്ന് വലിയ സ്ക്രീനുകളിലേക്ക് മാറ്റിയിരുന്നു. ട്രേഡ് അനലിസ്റ്റ് ക്രിസ്റ്റഫർ കനകരാജ് പറയുന്നതനുസരിച്ച് ഈ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളിലെ ആദ്യ ഹിറ്റായിരിക്കും ഇത്.