റോഷന് ഇനി സ്കൂളിൽ പോകാം; മേയർ ആര്യ രാജേന്ദ്രൻ പുതിയ ശ്രവണസഹായി കൈമാറി
തിരുവനന്തപുരം: ശ്രവണസഹായി നഷ്ടപ്പെട്ട് ദുരിതത്തിലായ വിദ്യാർത്ഥിക്ക് പുതിയ ശ്രവണസഹായി നൽകി തിരുവനന്തപുരം കോർപ്പറേഷൻ. തിരുവനന്തപുരം രാജാജി നഗർ കോളനിയിലെ പ്ലസ് ടു വിദ്യാർത്ഥിയായ റോഷന് പുതിയ ശ്രവണസഹായി മേയർ ആര്യ രാജേന്ദ്രൻ കൈമാറി. കിംസ് ആശുപത്രിയുടെ സഹായത്തോടെയാണ് തിരുവനന്തപുരം കോർപ്പറേഷൻ റോഷനുവേണ്ടി പുതിയ ശ്രവണസഹായി വാങ്ങിയത്. റോഷനെ സഹായിക്കാൻ പലരും കോർപ്പറേഷനെ സമീപിച്ചതായി മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. നമുക്ക് നന്മ നഷ്ടപ്പെട്ടിട്ടില്ലെന്ന് തോന്നിയ നിമിഷമായിരുന്നു അത്. ഈ അവസരത്തിൽ എല്ലാവരോടും നന്ദി പറയുന്നെന്നും മേയർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അച്ഛനോടൊപ്പം ബൈക്കിൽ സ്കൂളിൽ നിന്ന് മടങ്ങുമ്പോഴാണ് റോഷന് ശ്രവണസഹായി നഷ്ടപ്പെട്ടത്. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ശ്രവണസഹായി സ്കൂൾ ബാഗിലാണ് ഉണ്ടായിരുന്നത്. പഠനത്തിലും കലയിലും മിടുക്കനായ റോഷൻ ശ്രവണസഹായി നഷ്ടപ്പെട്ട് സ്കൂളിൽ പോലും പോകാതെ വീട്ടിൽ ഇരിക്കുകയായിരുന്നു. നാല് മാസം മുമ്പാണ് പുനർജനി പദ്ധതിയിലൂടെ റോഷന് ശ്രവണസഹായി ലഭിച്ചത്. ജനിച്ചതു മുതൽ നിലനിന്നിരുന്ന വലിയ പ്രശ്നങ്ങൾക്കാണ് അന്ന് പരിഹാരമായത്. എന്നാൽ ശ്രവണസഹായി നഷ്ടപ്പെട്ടതോടെ റോഷൻ പ്രതിസന്ധിയിലായി. ജഗതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയാണ് റോഷൻ. പഠനത്തിൽ മാത്രമല്ല, നൃത്തത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുള്ള റോഷൻ എല്ലാവർക്കും പ്രിയപ്പെട്ടവനാണ്.