റോഷൻ മാത്യുവും അന്ന ബെന്നും വീണ്ടും ഒന്നിക്കുന്നു; ചിത്രം നൈറ്റ് ഡ്രൈവ്
മലയാളത്തിലെ യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ നടൻ റോഷൻ മാത്യു മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. അന്ന ബെൻ ആണ് നായിക. ഇന്ദ്രജിത്ത് സുകുമാരനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പോക്കിരി രാജ, പുലിമുരുകൻ തുടങ്ങിയ മെഗാഹിറ്റ് സിനിമകളിലൂടെ വാണിജ്യ സിനിമയിൽ ഒന്നാം നിരയിലേക്കുയർന്ന വൈശാഖാണ് നൈറ്റ് ഡ്രൈവ് സംവിധാനം ചെയ്യുന്നത്. ദി ഹണ്ടഡ് ബികം ഹണ്ടേഴ്സ്- വേട്ടയാടപ്പെട്ടവർ വേട്ടക്കാരാവുന്നു- എന്ന ദുരൂഹവും ആകർഷകവുമായ ടാഗ് ലൈനോടെയാണ് ചിത്രത്തിൻ്റെ പോസ്റ്ററുകൾ ഇറങ്ങിയിരിക്കുന്നത്.
ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണു, നീത പിൻ്റോ എന്നിവർ നിർമിക്കുന്ന ചിത്രത്തിൻ്റെ രചന അഭിലാഷ് പിള്ളയാണ്. ഛായാഗ്രഹണം ഷാജികുമാർ. എഡിറ്റിങ്ങ് സുനിൽ എസ് പിള്ള. രഞ്ജിൻ രാജാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.