മമ്മൂട്ടി തോളിൽ കൈവെച്ചപ്പോൾ വിറങ്ങലിച്ചുപോയി; മഹാനടനുമൊത്തുള്ള അനുഭവം പങ്കുവെച്ച് റോഷൻ മാത്യു
മലയാളികൾക്ക് പ്രിയങ്കരനായ യുവനടനാണ് റോഷൻ മാത്യു. വ്യത്യസ്തങ്ങളായ ഒരുപിടി മികച്ച വേഷങ്ങളിലൂടെ നല്ല റേഞ്ചുള്ള നടൻ എന്ന അഭിപ്രായം നേടിയെടുത്ത റോഷൻ ബോളിവുഡിലും മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച് അഭിനയ ജീവിതത്തിൽ മുന്നേറുകയാണ്.
എ കെ സാജൻ സംവിധാനം ചെയ്ത 'പുതിയ നിയമം' എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് റോഷൻ മാത്യു നടൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്നത്. മമ്മൂട്ടി നായകനും നയൻതാര നായികയുമായി വേഷമിട്ട ചിത്രത്തിൽ മയക്കുമരുന്നിന് അടിമകളായ യുവാക്കളുടെ വഴിവിട്ട പ്രവൃത്തികൾ മൂലം തകർന്നുപോകുന്ന വാസുകി എന്ന വീട്ടമ്മയുടെ ജീവിതമാണ് ചിത്രീകരിച്ചത്. മലയാളത്തിൽ നയൻതാരയുടെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൊന്നാണ് പുതിയ നിയമത്തിലെ വാസുകി.
ആദ്യമായി അഭിനയിച്ച ചിത്രത്തിൻ്റെ സെറ്റിലുണ്ടായ രസകരമായ അനുഭവത്തെ കുറിച്ചാണ് ഇപ്പോൾ റോഷൻ പറയുന്നത്. മമ്മൂട്ടി എന്ന ഇതിഹാസ പുരുഷനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്ന് നടൻ പറയുന്നു. ഒരു ഷോട്ടിൽ മമ്മൂട്ടി തൻ്റെ തോളിൽ സ്പർശിക്കുന്ന രംഗമുണ്ട്. മഹാനായ നടൻ്റെ കരസ്പർശം തോളിൽ പതിഞ്ഞപ്പോൾ തണുത്തുറഞ്ഞു പോയതുപോലെ തോന്നിയെന്ന് റോഷൻ പറയുന്നു. അൽപ്പസമയം ആ കൈകൾ തൻ്റെ തോളിൽ തന്നെയിരുന്നു. ആത്മസംയമനം പാലിക്കാനും ശാന്തനാകാനും താൻ പരമാവധി ശ്രമിച്ചു. മമ്മൂട്ടിക്കൊപ്പമുള്ള ആ ചിത്രം എന്നും തൻ്റെ മനസ്സിലുണ്ടാവുമെന്നും പുതിയ നിയമം എന്ന സിനിമ ഒട്ടേറെ അനുഭവങ്ങൾ സമ്മാനിച്ചെന്നും റോഷൻ പറയുന്നു.
'അടി കപ്യാരേ കൂട്ടമണി' എന്ന ചിത്രത്തിലൂടെയാണ് റോഷൻ അഭിനയ രംഗത്തെത്തുന്നത്. മുംബൈ ഡ്രാമ സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയ നടൻ ഇന്ന് രാജ്യം ശ്രദ്ധിക്കുന്ന പ്രതിഭയാണ്. 'ആനന്ദം', 'വിശ്വാസപൂർവം മൻസൂർ', 'കൂടെ', 'തൊട്ടപ്പൻ', 'മൂത്തോൻ', 'കപ്പേള', 'സീ യു സൂൺ', 'വർത്തമാനം', 'ആണും പെണ്ണും', 'കുരുതി' തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അനുരാഗ് കശ്യപിൻ്റെ 'ചോക്ക്ഡ് ' എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും ശ്രദ്ധിക്കപ്പെട്ടു. 'ചതുരം', 'കുമാരി', 'ചേര', 'ഒരു തെക്കൻ തള്ള് കേസ് ', 'നൈറ്റ് ഡ്രൈവ് എന്നീ മലയാള ചിത്രങ്ങളും ഹിന്ദിയിൽ 'ഡാർലിങ്ങ്സും', തമിഴിൽ 'കോബ്ര'യും ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്.