വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിന് പരിഹാരം, റോഷ്‌നി ഇന്‍ഡസ്ട്രീസിന് ലൈസന്‍സ്

അയല്‍ക്കാരനുമായുള്ള വ്യക്തി തര്‍ക്കം സ്റ്റോപ്പ് മെമ്മോയില്‍ കലാശിച്ചതോടെയാണ് റോഷ്‌നി ഇന്‍ഡസ്ട്രീസ് ഉടമ രാജന്‍ കെ നായര്‍ വ്യവസായ മന്ത്രിയെ സമീപിച്ചത്. രാജന് നിരാശപ്പെടേണ്ടിവന്നില്ല. തൃശൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ രാജൻ്റെ പരാതി പരിഗണിച്ച വ്യവസായമന്ത്രി പി.രാജീവ് ഉടനടി പരിഹാരം നിര്‍ദ്ദേശിക്കുകയായിരുന്നു. എരുമപ്പെട്ടി പഞ്ചായത്തിലെ ആറ്റത്തറയില്‍ 2011 മുതല്‍ പ്രവര്‍ത്തിക്കുന്ന സെല്ലോ ടേപ്പ് കമ്പനിയാണ് റോഷ്‌നി ഇന്‍ഡസ്ട്രീസ്.

കമ്പനി പ്രവര്‍ത്തിക്കുന്ന ഭൂമി സംബന്ധിച്ച് നിലനില്‍ക്കുന്ന നിയമങ്ങളില്‍ വന്ന ആശയക്കുഴപ്പമാണ് ലൈസന്‍സ് നല്‍കാതിരിക്കാനും സ്റ്റോപ്പ് മെമ്മോ നല്‍കാനും എരുമപ്പെട്ടി പഞ്ചായത്ത് അധികൃതരെ പ്രേരിപ്പിച്ചത്. എന്നാല്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ പങ്കെടുത്ത വിദഗ്ധരുമായി കൂടിയാലോചിച്ച് പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്തുകയായിരുന്നു മന്ത്രി. മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കേണ്ട നിയമങ്ങളുടെ പരിധിയില്‍ ഈ കേസ് വരില്ലെന്ന് മനസിലാക്കിയതോടെ അടുത്ത ദിവസം തന്നെ ലൈസന്‍സ് അനുവദിക്കാന്‍ പഞ്ചായത്ത് അധികൃതരോട് മന്ത്രി നിര്‍ദ്ദേശിച്ചു. വ്യവസായ സംരംഭകരോട് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന അനുഭാവം ആശ്വാസകരമാണെന്ന് 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടിയില്‍ പങ്കെടുത്തശേഷം രാജന്‍ പറഞ്ഞു. നിയമ വ്യവഹാരങ്ങളിലൂടെ വര്‍ഷങ്ങള്‍ നീളുമായിരുന്ന ആശയക്കുഴപ്പമാണ് വിദഗ്ധ സമിതിയുടെ സഹായത്തോടെ മന്ത്രി പരിഹരിച്ചതെന്നും രാജന്‍ അഭിപ്രായപ്പെട്ടു.

Related Posts