സംസ്ഥാനത്ത് പെട്രോൾ-ഡീസൽ, മദ്യ വില കൂടും; 2 രൂപ ഇന്ധന സെസ് നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടും. ഭൂമിയുടെ ന്യായവിലയിൽ 20% വർധനയും പ്രാബല്യത്തിൽ വരും. നാളെ മുതൽ മദ്യത്തിനും വില കൂടും. പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബജറ്റ് നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ജീവിതച്ചെലവ് നാളെ മുതൽ കുത്തനെ ഉയരുകയാണ്. ഇന്ധനവിലയാണ് പ്രധാനമായും ഉയരുന്നത്. ക്ഷേമപെൻഷനുകൾ നൽകുന്നതിന് പണം സ്വരൂപിക്കാൻ ബഡ്ജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ സെസാണ് പ്രാബല്യത്തിൽ വരുന്നത്. വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഒരു രൂപയെങ്കിലും കുറയ്ക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും സർക്കാർ പിൻമാറിയില്ല. മദ്യത്തിന്‍റെ വിലയിൽ 10 രൂപ വരെ വ്യത്യാസമുണ്ടാകും. കഴിഞ്ഞ 13 വർഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് ന്യായവില ഉയർന്നത്. സെന്‍റിന് ഒരു ലക്ഷം ന്യായവില 20% വർധിക്കുമ്പോൾ 1,20,000 രൂപയാകും. 8% സ്റ്റാമ്പ് ഡ്യൂട്ടിയും 2% രജിസ്ട്രേഷൻ ഫീസും ചേർത്താൽ ഡോക്യുമെന്‍റേഷൻ ചെലവിലും ആനുപാതികമായ വർധനയുണ്ടാകും. ഇതിനർത്ഥം ഒരു ലക്ഷം ന്യായവിലയുള്ള ഭൂമി പ്രമാണം ചെയ്യാൻ കുറഞ്ഞത് 12,000 രൂപയെങ്കിലും ആവശ്യമാണ്. ഉയർന്ന നിരക്ക് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നിരവധി ആളുകൾ രജിസ്റ്റർ ചെയ്തതിനാൽ കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് ഈ മാസം 200 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാരിന് ലഭിച്ചത്. 


Related Posts