മാളയില്‍ ഇനി 20 രൂപ ഊണ്; അന്നമൂട്ടാന്‍ 'കലവറ' തുറന്നു
സംസ്ഥാന സര്‍ക്കാരിൻ്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി മാള പഞ്ചായത്തിലെ രണ്ടാമത്തെ ജനകീയ ഹോട്ടല്‍ 'കലവറ' പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റര്‍ ജനകീയ ഹോട്ടലിൻ്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് കാലത്ത് വിശപ്പ് എന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ ഇടപെടലിൻ്റെ അടിസ്ഥാനത്തിലാണ് ജനകീയ ഹോട്ടല്‍ എന്ന ആശയം യാഥാര്‍ത്ഥ്യമായതെന്ന് ഡേവിസ് മാസ്റ്റര്‍ പറഞ്ഞു. കുറഞ്ഞ പൈസയ്ക്ക് എല്ലാവര്‍ക്കും ആഹാരം ലഭ്യമാക്കാന്‍ ജനകീയ ഹോട്ടലുകള്‍ വഴി സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോട്ടലില്‍ നിന്ന് 20 രൂപയ്ക്കുള്ള ഊണിന് പുറമെ സ്‌പെഷ്യല്‍ ആയി മീന്‍ വറുത്തതും പ്രത്യേക ഓര്‍ഡര്‍ നല്‍കി ആവശ്യക്കാര്‍ക്ക് വാങ്ങാം. പാഴ്‌സല്‍ ഊണിന് 25 രൂപയാണ് ഈടാക്കുന്നത്. വലിയപറമ്പിലെ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിൻ്റെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഒന്‍പത് വരെയാണ്. ഹോട്ടലിലേയ്ക്ക് ആവശ്യമായ ഫ്രിഡ്ജ്, മിക്‌സി തുടങ്ങിയ സഹായ സാമഗ്രികള്‍ വാങ്ങുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ സി ഡി എസിൻ്റെ സഹകരണത്തോടെയാണ് ഹോട്ടല്‍ തുറന്നിട്ടുള്ളത്. റിജി ഷാജി, രതി രഘുവരന്‍, ജെസി സേവ്യര്‍, ആലിസ് പോള്‍ റിജി ബെന്നി എന്നീ അഞ്ചു പേരാണ് കലവറയുടെ നടത്തിപ്പുക്കാര്‍.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസണ്‍, വൈസ് പ്രസിഡണ്ട് ഒ സി രവി, പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അശോക്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജോസ് മാഞ്ഞൂരാന്‍, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി സജീവന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സരോജ വിജയന്‍ ബിന്ദു ബാബു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി ജെ ജലീല്‍, ജോയിന്റ് ബി ഡി ഒ കെ എം മൈമുനത് തുടങ്ങിയവര്‍ പങ്കെടുത്തു.