ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആർഎസ്എസ്, വരാനിരിക്കുന്നത് വമ്പൻ പ്രചാരണ പരിപാടികൾ

വലിയ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ചുകൊണ്ട് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണരംഗം കൊഴുപ്പിക്കാൻ ബിജെപിയുടെ പ്രത്യയശാസ്ത്ര ബൗദ്ധിക കേന്ദ്രമായ ആർഎസ്എസ്. സംസ്ഥാനത്ത് ഒരുമാസം നീണ്ടുനിൽക്കുന്ന, വലിയ ജനപങ്കാളിത്തം ഉറപ്പാക്കുന്ന പരിപാടികൾ സംഘടിപ്പിക്കാനാണ് ആർഎസ്എസിൻ്റെ തീരുമാനം.

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷ് പട്ടാളത്തോട് നേർക്കുനേർ ഏറ്റുമുട്ടി വീരമൃത്യു വരിച്ച ഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷിക ദിനമായ നവംബർ 19 മുതൽ പരിപാടികൾക്ക് തുടക്കം കുറിക്കും.

1971-ലെ പാകിസ്താനെതിരെയുള്ള യുദ്ധത്തിൽ വിജയദിനമായി കണക്കാക്കുന്ന ഡിസംബർ 16-വരെയാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഗ്രാമീണ മേഖലയിലും നാട്ടിൻ പുറങ്ങളിലും സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കും. ദീപാവലിക്കു തുല്യമായ നിലയിൽ ചെരാതുകൾ കത്തിച്ചും വന്ദേമാതരം ആലപിച്ചും ഉത്സവസമാനമായി ആഘോഷിക്കാനാണ് നിർദേശങ്ങൾ നൽകിയിട്ടുള്ളത്. തിരംഗ യാത്രകളും തെരുവ് നാടകങ്ങളും അരങ്ങേറും. ഒരു ലക്ഷം കേഡർമാരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ലക്നൗവിൽ വന്ദേമാതരം പരിപാടി ആലോചിക്കുന്നത്. വിശ്വഹിന്ദു പരിഷത്തും എബിവിപിയും ഉൾപ്പെടെയുള്ള സംഘടനകളും പ്രചാരണങ്ങളിൽ ഭാഗഭാക്കാവും. സ്കൂൾ, കോളെജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കും. കൊവിഡ് മൂലം മന്ദഗതിയിലായ ശാഖകളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്.

Related Posts