ബ്രഹ്മപുരം വിഷയത്തിൽ ഭരണാധികാരികൾക്ക് വീഴ്ച പറ്റി: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുക നിയന്ത്രിക്കുന്നതിൽ ഭരണാധികാരികൾക്ക് വീഴ്ച സംഭവിച്ചുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. അന്വേഷണം നടക്കട്ടെ, കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ. മാലിന്യ സംസ്കരണത്തിന് ഉചിതമായ കർമ്മ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ഇതിനായി ബജറ്റിൽ തുക വകയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ അ​ഗ്നിബാധയെക്കുറിച്ചല്ല നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്. മാലിന്യ സംസ്കരണ പ്രക്രിയയിൽ നമ്മുടെ ഭരണസംവിധാനം പരാജയപ്പെടുന്നുണ്ടോ? ഇതിന് തീയിട്ടതാണോ അതോ തീ പിടിച്ചതാണോ എന്ന ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. മാലിന്യ നിർമാർജനത്തിനും സംസ്കരണത്തിനും നമ്മുടെ ഭരണസംവിധാനം എന്താണ് ചെയ്യുന്നത് എന്നതാണ് പ്രധാനം. ഈ മാലിന്യക്കൂമ്പാരം ഇതുപോലെ കത്തുകയും എല്ലായിടത്തും പുക നിറഞ്ഞപ്പോൾ ജനങ്ങൾ ശ്വാസംമുട്ടുകയും ചെയ്തത് ഭരണകൂടത്തിന്‍റെ വലിയ പരാജയമാണ്. വളരെ സമഗ്രമായ പരിഹാര പദ്ധതി ആസൂത്രണം ചെയ്യാനും അതിനാവശ്യമായ ഫണ്ട് ബജറ്റിൽ വകയിരുത്താനും ഭരണകൂടം തയ്യാറാകണമെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു.

Related Posts