യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം വീണ്ടും നിർത്തിവെച്ച് റഷ്യ
മോസ്കോ: യൂറോപ്പിലേക്കുള്ള വാതക വിതരണം റഷ്യ വീണ്ടും നിർത്തിവെച്ചു. നോർഡ് സ്ട്രീം -1 പൈപ്പ് ലൈൻ വഴിയുള്ള വാതക വിതരണമാണ് നിർത്തിവച്ചത്. റഷ്യ ഇതിനകം പൈപ്പ് ലൈൻ വഴിയുള്ള വാതക കയറ്റുമതി ഗണ്യമായി കുറച്ചിട്ടുണ്ട്. ബാൾട്ടിക് കടലിന് കീഴിൽ സെന്‍റ് പീറ്റേഴ്സ്ബർഗിനടുത്തുള്ള റഷ്യൻ തീരത്ത് നിന്ന് വടക്കുകിഴക്കൻ ജർമ്മനിയിലേക്ക് 1,200 കിലോമീറ്റർ (745 മൈൽ) വ്യാപിച്ചുകിടക്കുന്നതാണ് പൈപ്പ് ലൈൻ. 2011 ലാണ് പൈപ്പ് ലൈൻ ആരംഭിച്ചത്. പ്രതിദിനം പരമാവധി 170 ദശലക്ഷം ക്യുബിക് മീറ്റർ വാതകം ഇതുവഴി അയയ്ക്കാൻ കഴിയും. സെപ്റ്റംബർ മൂന്ന് വരെയാണ് ഗ്യാസ്പ്രേം കമ്പനിയുടെ പ്രധാന പൈപ് ലൈൻ നിർത്തിയിരിക്കുന്നത്. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് വാതക വിതരണം നിർത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ യുക്രൈൻ യുദ്ധത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ പ്രതിരോധത്തിന് മറുപടിയെന്ന നിലയിലാണ് ഇപ്പോഴത്തെ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ജുലൈയിൽ 10 ദിവസത്തേക്ക് വിതരണം നിർത്തിയിരുന്നു. പിന്നീട് 20 ശതമാനം വിതരണം മാത്രമായിരുന്നു നടത്തിയത്.