മോസ്കോ സമയം രാവിലെ 10 മുതൽ വെടിനിർത്തലിന് റഷ്യ; മാനുഷിക ഇടനാഴി തുറക്കും
മോസ്കോ സമയം രാവിലെ 10 മണി മുതൽ വെടിനിർത്തലിന് റഷ്യ. ഉക്രയ്നിലെ സംഘർഷബാധിത നഗരങ്ങളായ കീവ്, ചെർനിഗോവ്, സുമി, മരിയുപോൾ എന്നിവിടങ്ങളിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ മാനുഷിക ഇടനാഴികൾ തുറക്കും. മോസ്കോയുടെ യു എൻ അംബാസഡർ വാസിലി നെബെൻസിയ അറിയിച്ചതാണ് ഇക്കാര്യം. കുടിയൊഴിപ്പിക്കൽ പദ്ധതി ഉക്രയ്നിന്റെ അനുമതിക്ക് വിധേയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കൻ യൂറോപ്യൻ രാജ്യത്തിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ചുള്ള യു എൻ സുരക്ഷാ കൗൺസിൽ യോഗത്തിന്റെ അവസാനത്തിലാണ് നെബെൻസിയ പ്രഖ്യാപനം നടത്തിയത്. പൗരന്മാരെ റഷ്യയിലേക്ക് അയയ്ക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ ഒന്നും വെടി നിർത്തൽ ധാരണയിൽ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഏത് രാജ്യങ്ങളിലേക്ക് പോകണമെന്ന് പൗരന്മാർക്ക് തീരുമാനിക്കാം.
അതിനിടെ, റഷ്യയുടെ ഉക്രയ്ൻ അധിനിവേശം ഇന്ന് പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. മരിയുപോൾ, ഖാർകിവ്, മെലിറ്റോപോൾ തുടങ്ങിയ നഗരങ്ങളിലെ സിവിലിയൻമാർക്ക് സഹായം അത്യാവശ്യമാണെന്ന് യു എൻ അണ്ടർസെക്രട്ടറി ജനറൽ മാർട്ടിൻ ഗ്രിഫിത്ത്സ് പറഞ്ഞു. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ അത്യാവശ്യമായി അവിടെ എത്തേണ്ടതുണ്ട്.