ലോകത്ത് ഏറ്റവുമധികം ഉപരോധങ്ങൾ നേരിടുന്ന രാജ്യമായി റഷ്യ; എണ്ണത്തിൽ ഇറാനെയും ഉത്തര കൊറിയയെയും മറികടന്നു
ലോകത്ത് ഏറ്റവും അധികം ഉപരോധങ്ങൾ നേരിടുന്ന രാജ്യമായി റഷ്യ. ഉപരോധങ്ങളുടെ എണ്ണത്തിൽ ഇറാൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളെ റഷ്യ മറികടന്നതായി ബ്ലൂംബർഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരി 22 മുതൽ റഷ്യയ്ക്കെതിരെ 2778 പുതിയ ഉപരോധങ്ങളാണ് നിലവിൽ വന്നത്. അമേരിക്കയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമാണ് ഉപരോധങ്ങൾക്ക് പിന്നിൽ. മൊത്തം 5530 ഉപരോധങ്ങളാണ് റഷ്യയ്ക്കെതിരെ ഉള്ളതെന്ന് ബ്ലൂംബർഗിന്റെ റിപ്പോർട്ടിലുണ്ട്.
3616 ഉപരോധങ്ങളാണ് ഇറാനെതിരെ ഉള്ളത്. ആണവായുധ നിർമാണവും തീവ്രവാദവും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് രാജ്യം നേരിടുന്നത്. പത്തുവർഷത്തെ കാലയളവിലാണ് ഇത്രയും ഉപരോധങ്ങൾ ഇറാനെതിരെ കൊണ്ടുവന്നതെന്ന് റിപ്പോർട്ടിലുണ്ട്.
റഷ്യയും ഇറാനും കഴിഞ്ഞാൽ, സിറിയ, ഉത്തര കൊറിയ, വെനസ്വേല, മ്യാൻമർ, ക്യൂബ എന്നിവയാണ് ഏറ്റവും കൂടുതൽ ഉപരോധങ്ങൾ നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച രാജ്യങ്ങൾ.