എൽജിബിടിക്യു വീഡിയോ നീക്കിയില്ല; ടിക് ടോക്കിന് റഷ്യ 40 ലക്ഷം പിഴ ചുമത്തി
മോസ്‌കോ: എൽജിബിടിക്യു ഉള്ളടക്കം അടങ്ങിയ വീഡിയോ പ്രസിദ്ധീകരിച്ചതിന് ടിക് ടോക്കിന് റഷ്യ 40.77 ലക്ഷം രൂപ പിഴ ചുമത്തി. എൽജിബിടിക്യു (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വീർ) ഉള്ളടക്കം അടങ്ങിയ വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും നടപ്പാക്കാത്തതിനാണ് റഷ്യൻ കോടതി ടിക് ടോക്കിന് പിഴ ചുമത്തിയത്. റഷ്യൻ വാര്‍ത്താവിനിമയ നിയന്ത്രണ വിഭാഗമായ റോസ്‌കോംനാഡ്സർ നൽകിയ പരാതിയെ തുടർന്നാണ് മോസ്‌കോയിലെ ടാഗന്‍സ്‌കി ഡിസ്ട്രിക്റ്റ് കോടതിയുടെ നടപടി. ടിക് ടോക്കിന് 30 ലക്ഷം റൂബിൾ (ഏകദേശം 40,77,480 രൂപ) പിഴയടയ്ക്കേണ്ടി വരും. ഒരു യുക്രൈൻ രാഷ്ട്രീയ നേതാവിൻ്റെ അഭിമുഖം സംപ്രേഷണം ചെയ്ത ആമസോൺ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമായ ട്വിച്ചിനെതിരെയും, വ്യാജമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ കോടതി പിഴ ചുമത്തിയിട്ടുണ്ട്.