യുദ്ധക്കലിയിൽ റഷ്യ; ബോംബിങ്ങിൽ തകർന്ന് അപ്പാർട്മെൻ്റുകൾ

അധിനിവേശം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ആക്രമണം കടുപ്പിച്ച് റഷ്യൻ സേന. സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമല്ലെന്ന റഷ്യയുടെ അവകാശവാദങ്ങൾ തള്ളി ബോംബിങ്ങിൽ റസിഡൻഷ്യൽ അപ്പാർട്മെൻ്റുകൾ തകർന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കടലിൽ നിന്നും കരയിൽ നിന്നും വിക്ഷേപിക്കുന്ന ക്രൂയിസ് മിസൈലുകൾ പതിച്ച് ഉക്രയ്നിലെ ഹൈ റൈസ് റസിഡൻഷ്യൽ കെട്ടിടങ്ങൾ തകർന്നടിഞ്ഞതിൻ്റെ ദൃശ്യങ്ങളാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. എന്നാൽ ഉക്രയ്‌നിന്റെ സൈനിക ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെയാണ് ബോംബെറിഞ്ഞതെന്നും പാശ്ചാത്യ മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുകയാണെന്നും മോസ്കോ കുറ്റപ്പെടുത്തി.

തെക്കുകിഴക്കൻ ഉക്രേനിയൻ നഗരമായ മെലിറ്റോപോൾ റഷ്യൻ സൈന്യം പിടിച്ചെടുത്തതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അടിക്കടി ബോംബ് സ്ഫോടനങ്ങൾ കേൾക്കുന്ന തലസ്ഥാന നഗരമായ കീവ് വലിയ ഭീഷണി നേരിടുകയാണ്.

Related Posts