പടിഞ്ഞാറൻ കമ്പനികൾ പോകുന്നിടത്ത് ഇന്ത്യൻ കമ്പനികൾ കടന്നുവരുമെന്ന് റഷ്യ
യൂറോപ്യൻ, അമേരിക്കൻ കമ്പനികൾ വിട്ടുപോകുന്ന ഇടങ്ങളിലേക്ക് ഇന്ത്യൻ കമ്പനികൾ കടന്നുവരുമെന്ന് റഷ്യ.
ഉക്രയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പടിഞ്ഞാറൻ കമ്പനികൾ റഷ്യൻ വിപണിയിൽ നിന്ന് പുറത്തുപോകുമ്പോൾ പകരം ആ സ്ഥാനത്ത് കടന്നുവരുന്നത് ഇന്ത്യൻ കമ്പനികൾ ആയിരിക്കുമെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് പറഞ്ഞു. ഫാർമസ്യൂട്ടിക്കൽ മേഖലയിലാകും ഇതിൻ്റെ ആദ്യത്തെ പ്രതിഫലനങ്ങൾ കണ്ടു തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരു ലോക ഫാർമസിയാണെന്നും ഗുണനിലവാരമുള്ള ജനറിക് മരുന്നുകളുടെ മുൻനിര നിർമാതാക്കളാണെന്നും പുതുതായി നിയമിതനായ റഷ്യൻ പ്രതിനിധി പറഞ്ഞതായി സ്പുട്നിക് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഉക്രയ്ൻ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങളുമായി പടിഞ്ഞാറൻ രാജ്യങ്ങൾ മുന്നോട്ടു വരുമ്പോഴും ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുകയാണ്. അന്താരാഷ്ട്ര നിയമങ്ങളും യു എൻ ചാർടറും പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുമ്പോഴും റഷ്യൻ ആക്രമണത്തെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയിലെ പ്രമേയങ്ങളിൽ നിന്നെല്ലാം ഇന്ത്യ വിട്ടുനിന്നിരുന്നു.