റഷ്യ-ഉക്രയ്ൻ യുദ്ധം: നാലാം ഘട്ട ചർച്ചകൾക്ക് ഇന്ന് തുടക്കം
രണ്ടാഴ്ച പിന്നിടുന്ന റഷ്യ-ഉക്രയ്ൻ യുദ്ധത്തിൽ വെടിനിർത്തൽ സാധ്യതകൾ ആരാഞ്ഞു കൊണ്ടുള്ള നാലാം ഘട്ട ചർച്ചകൾക്ക് ഇന്ന് തുടക്കമിടും. ബെലാറസിൽ നടന്ന മൂന്ന് റൗണ്ട് ചർച്ചകളിലും മാനുഷിക പരിഗണനകളും രക്ഷാദൗത്യ ഇടനാഴിയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാത്രമാണ് പുരോഗതി ഉണ്ടായത്. നാലാം ഘട്ട ചർച്ചകളിൽ വെടിനിർത്തൽ ഉണ്ടാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഉക്രയ്ന് മുകളിലൂടെ നാറ്റോ രാജ്യങ്ങൾ നോ-ഫ്ലൈ സോൺ പ്രഖ്യാപിക്കണം എന്ന ആവശ്യം ഉക്രയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കി ആവർത്തിച്ച് ഉന്നയിച്ചു. പോളണ്ട് അതിർത്തിക്ക് അടുത്തുള്ള ഉക്രയ്ൻ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഈ ആവശ്യം ഉയർത്തിയത്. നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിച്ചേക്കാം എന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
വടക്കൻ ഉക്രയ്നിലെ വിമാനത്താവളത്തിനു നേരെ ഇന്ന് പുലർച്ചെ വീണ്ടും വ്യോമാക്രമണമുണ്ടായി. തലസ്ഥാനത്തിന്റെ വടക്കുകിഴക്ക് മേഖലയായ ചെർനിഹിവിൽ കനത്ത ഷെല്ലാക്രമണം നടക്കുകയാണ്. തെക്കൻ പട്ടണമായ മൈക്കോളൈവിൽ ഉണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. മൈക്കോളൈവിലും കിഴക്കൻ ഖാർകിവ് മേഖലയിലും ഉക്രയ്ൻ സൈന്യം കനത്ത പ്രത്യാക്രമണം നടത്തിയതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.