യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായി റഷ്യ
മോസ്‌കോ: യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നും അതിനായി ഒരു നയതന്ത്ര പരിഹാരം കാണുമെന്നും പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. റഷ്യൻ പ്രസിഡന്‍റ് മാധ്യമപ്രവർത്തകരോട് ഇക്കാര്യം അറിയിച്ചു. എത്രയും വേഗം യുദ്ധം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ പ്രസിഡന്‍റ് സെലെൻസ്ക്കി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. തന്‍റെ പിന്തുണ തുടരുമെന്ന് ബൈഡൻ സെലെൻസ്കിക്ക് ഉറപ്പ് നൽകി. ഇതിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച പുടിന്‍റെ പ്രസ്താവന. എല്ലാ സായുധ സംഘട്ടനങ്ങളും ഏതെങ്കിലും തരത്തിലുള്ള നയതന്ത്ര കൂടിയാലോചനകൾക്ക് ഒടുവിൽ അവസാനിച്ചിട്ടുണ്ട്. അതിനായി, ഏതെങ്കിലും കക്ഷികൾ ഇരുന്ന് ഉടമ്പടി ഉണ്ടാക്കാൻ തയ്യാറാവണം. നമ്മുടെ എതിരാളികൾ എത്രയും വേഗം അതിന് തയ്യാറാകുന്നുവോ അത്രയും നല്ലതെന്നും പുടിൻ പറഞ്ഞു.