വരാനിരിക്കുന്നത് മഹാവിപത്തെന്ന മുന്നറിയിപ്പുമായി റഷ്യ; കീഴടങ്ങാൻ ഒരുക്കമല്ലെന്ന് ഉക്രയ്ൻ
ആയുധം വെച്ച് കീഴടങ്ങാൻ ഉക്രയ്നോട് ആവശ്യപ്പെട്ട് റഷ്യ. കനത്ത ആക്രമണം നടക്കുന്ന മരിയുപോളിലെ പ്രതിരോധ സേനയോടാണ് വരാനിരിക്കുന്നത് മഹാവിപത്താണെന്നും ആയുധം വെച്ച് കീഴടങ്ങുന്നതാണ് നല്ലതെന്നുമുള്ള മുന്നറിയിപ്പ് റഷ്യ നൽകിയത്.
എന്നാൽ ശക്തമായ പ്രതിരോധം തുടരുമെന്നും കീഴടങ്ങൽ എന്ന പ്രശ്നമുദിക്കുന്നില്ലെന്നും ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് പറഞ്ഞതായി ഉക്രയ്ൻസ്‌ക പ്രവ്ദ എന്ന ന്യൂസ് പോർടൽ റിപ്പോർട്ട് ചെയ്തു. തീരുമാനം ഇതിനോടകം റഷ്യൻ സേനയെ അറിയിച്ചതായും അവർ വ്യക്തമാക്കി.
ഫെബ്രുവരി 24-ന് യുദ്ധം ആരംഭിച്ചതിനുശേഷം ഏറ്റവുമധികം ആക്രമണങ്ങൾ അരങ്ങേറിയ പ്രദേശങ്ങളിൽ ഒന്നാണ് തുറമുഖ നഗരമായ മരിയുപോൾ. നാലു ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന നഗരത്തിൽ ഭക്ഷണവും വെള്ളവും അടക്കമുള്ള അവശ്യ വസ്തുക്കളുടെ വിതരണം പാടെ നിലച്ചിരിക്കുകയാണ്.
ഞായറാഴ്ചയും റഷ്യ നഗരത്തിനുള്ളിൽ കനത്ത ബോംബാക്രമണങ്ങൾ നടത്തിയതായി ഗവർണർ പാവ്‌ലോ കിറിലെങ്കോ പറഞ്ഞു.