ഉപരോധത്തിനെതിരെ റഷ്യയുടെ മുന്നറിയിപ്പ്; എണ്ണവില 300 ഡോളര്‍ കടക്കും

മോസ്‌കോ: പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി വിലക്കിയാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്ന് റഷ്യയുടെ മുന്നിറിയിപ്പ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 300 ഡോളര്‍ വരെയാവുമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക് പറഞ്ഞു. റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ ആലോചിക്കുന്നതിനിടെയാണ് നൊവാക്കിന്റെ മുന്നറിയിപ്പ്.

യൂറോപ്യന്‍ മാര്‍ക്കറ്റില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഒന്നില്ലാത്ത അവസ്ഥ അസാധ്യമാണെന്ന് നൊവാക് അഭിപ്രായപ്പെട്ടു. ഒരു വര്‍ഷത്തേക്കെങ്കിലും അതാണ് സ്ഥിതി. ഒരു വര്‍ഷത്തിനപ്പുറം റഷ്യന്‍ എണ്ണയ്ക്കു പകരം സംവിധാനമുണ്ടാക്കിയാല്‍ പോലും അവര്‍ക്കത് താങ്ങാനാവില്ലെന്ന് നൊവാക് ചൂണ്ടിക്കാട്ടി.

ഉപരോധവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ വരുന്ന ഊര്‍ജ പ്രതിസന്ധിയെക്കുറിച്ച് നേതാക്കള്‍ യൂറോപ്പിലെ ജനങ്ങളോടു പറയണമെന്ന് നൊവാക് ആവശ്യപ്പെട്ടു. റഷ്യന്‍ എണ്ണ വിലക്കിയാല്‍ അത് മേഖലയില്‍ ഊര്‍ജ അസ്ഥിരതയുണ്ടാക്കും. ജനങ്ങളായിരിക്കും അതിന്റെ ഇരകളെന്നും നൊവാക് പറഞ്ഞു.

Related Posts