താലിബാനെ ഭീകരവാദ പട്ടികയിൽനിന്ന് ഒഴിവാക്കാൻ റഷ്യ, സ്വാഗതം ചെയ്ത് താലിബാൻ
അഫ്ഗാനിസ്താനിൽ വീണ്ടും അധികാരത്തിലേറിയ താലിബാനെ അന്താരാഷ്ട്ര ഭീകരവാദ സംഘടനകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുമെന്ന സൂചന നൽകി റഷ്യ. പ്രസിഡണ്ട് വ്ളാദിമിർ പുതിനാണ് ഒരു ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്. താലിബാനെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് സാധ്യമാണെന്നും എന്നാൽ ഐക്യരാഷ്ട്ര സംഘടനാ തലത്തിലാണ് അത് നടക്കേണ്ടതെന്നും പുതിൻ അഭിപ്രായപ്പെട്ടതായി റഷ്യൻ ന്യൂസ് ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു.
കരിമ്പട്ടിയിൽനിന്ന് താലിബാനെ ഒഴിവാക്കുന്നത് സംബന്ധിച്ച റഷ്യൻ പ്രസിഡണ്ടിന്റെ പ്രസ്താവന സ്വാഗതാർഹമാണെന്ന് ഇടക്കാല സർക്കാരിലെ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുൾ ക്വാഹർ ബൽക്കി അഭിപ്രായപ്പെട്ടു. യുദ്ധത്തിന്റെ അധ്യായം അവസാനിച്ചു കഴിഞ്ഞു. അഫ്ഗാനിസ്താനുമായുള്ള ലോക രാജ്യങ്ങളുടെ ബന്ധത്തിലും സമീപനത്തിലും നല്ല മാറ്റം കൊണ്ടുവരണം. പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര സമൂഹവുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് വക്താവ് ട്വീറ്റ് ചെയ്തു.