കെര്‍സണില്‍ നിന്ന് റഷ്യ പിന്മാറി; ഇത് ചരിത്ര ദിവസമെന്ന് വിശേഷിപ്പിച്ച് സെലെൻസ്കി
കീവ്: റഷ്യൻ സൈന്യം പിൻവാങ്ങിയതോടെ, തെക്കൻ നഗരമായ കെർസൺ തങ്ങളടെ പൂർണ്ണ നിയന്ത്രണത്തിലായെന്ന് ഉക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉപദേഷ്ടാവ് യൂറി സാക്ക് പറഞ്ഞു. റഷ്യൻ സൈന്യം കെർസണിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചപ്പോൾ, ഇത് റഷ്യയുടെ യുദ്ധ തന്ത്രമാണെന്നും ചതി കെർസണിൽ പതിയിരിക്കുകയാണെന്നും ഉക്രൈൻ പ്രതികരിച്ചു. എന്നിരുന്നാലും, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം റഷ്യൻ സൈന്യം കെർസൺ നഗരത്തിൽ നിന്ന് ഏതാണ്ട് പൂർണ്ണമായും പിൻവാങ്ങുകയും ഉക്രേനിയൻ സൈന്യം നഗരം ഏറ്റെടുക്കുകയും ചെയ്തു. ഉക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി കെർസണിലെ വിജയത്തെ "കെർസൺ നമ്മുടേതാണ്, ഇത് ചരിത്ര ദിവസമാണ്" എന്ന് വിശേഷിപ്പിച്ചു. നഗരത്തിൽ അവശേഷിച്ച ഉക്രേനിയക്കാർ കെർസണിലെ ഫ്രീഡം സ്ക്വയറിൽ ഉക്രേനിയൻ സൈനികർക്കൊപ്പം വിജയം ആഘോഷിച്ചു. "ഉക്രൈന് മഹത്വം, വീരൻമാർക്ക് മഹത്വം," ജനക്കൂട്ടം അലറി. കെർസൺ മേഖലയിൽ നിന്ന് 30,000 റഷ്യൻ സൈനികരെ പിൻവലിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 24ന് ഉക്രെയ്നിനെതിരെ റഷ്യ നടത്തിയ പ്രത്യേക സൈനിക ഓപ്പറേഷനിൽ ഇത് രണ്ടാം തവണയാണ് റഷ്യൻ സൈന്യം യുദ്ധഭൂമിയിൽ നിന്ന് പിൻവാങ്ങുന്നത്. നേരത്തെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് മുന്നണി തുറന്ന റഷ്യൻ സൈന്യം കീവ് വരെ എത്തിയിരുന്നെങ്കിലും വടക്കൻ മേഖലയിൽ നിന്ന് നിരുപാധികമായി സൈന്യത്തെ പിൻവലിച്ച് തെക്കുകിഴക്കൻ മേഖലയിൽ പോരാട്ടം ശക്തമാക്കുകയായിരുന്നു. എന്നിരുന്നാലും, യുദ്ധം അതിന്‍റെ ഒൻപതാം മാസത്തിലേക്ക് കടക്കുമ്പോൾ, ഉക്രൈന്റെ തെക്കൻ ഭാഗത്ത് നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങുന്നതാണ് കാണുന്നത്.