റഷ്യൻ അവകാശവാദങ്ങൾ കള്ളം; സൈനിക നീക്കം ശക്തം, തെളിവ് നൽകി ഉപഗ്രഹ ചിത്രങ്ങൾ
ഉക്രയ്ൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതായ റഷ്യൻ അവകാശവാദങ്ങൾ തളളി ഉപഗ്രഹ ചിത്രങ്ങൾ. മാക്സർ ടെക്നോളജീസ് പുറത്തുവിട്ട ഏറ്റവും പുതിയ ചിത്രങ്ങൾ പ്രകാരം അതിർത്തിയിൽ ഇപ്പോഴും റഷ്യൻ സേന തമ്പടിക്കുകയാണ്.
മാക്സർ നൽകുന്ന ഉയർന്ന മിഴിവുള്ള (ഹൈ റെസൊല്യൂഷൻ) ഉപഗ്രഹ ചിത്രങ്ങൾ റഷ്യൻ ബിൽഡ്അപ്പിന്റെ വ്യാപ്തിയെയാണ് സൂചിപ്പിക്കുന്നത്. അഞ്ച് സ്ഥലങ്ങളിൽ നിന്നായി കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശേഖരിച്ച ചിത്രങ്ങളാണ് മാക്സർ പുറത്തുവിട്ടത്.
ചില സൈനിക ഉപകരണങ്ങൾ റഷ്യ ഉക്രയ്‌നിന് സമീപമുള്ള തന്ത്രപ്രധാനമായ സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ചിത്രങ്ങൾ കാണിക്കുന്നു. കൂടുതൽ മിലിട്ടറി ഹാർഡ്‌വെയർ മേഖലയിൽ എത്തിയതിനുള്ള തെളിവുകളും നൽകുന്നുണ്ട്. ബെലാറസ്, ക്രിമിയ, പടിഞ്ഞാറൻ റഷ്യ തുടങ്ങി നിരവധി സ്ഥലങ്ങളിലെ റഷ്യൻ സൈനിക നീക്കത്തിൻ്റെ വ്യാപ്തിയാണ് ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് കൊണ്ടുവരുന്നത്.