ഉക്രൈനിൽ കനത്ത തിരിച്ചടി നേരിടുന്നെന്ന് തുറന്ന് പറഞ്ഞ് റഷ്യന്‍ കമാന്‍ഡര്‍
മോസ്‌കോ: ആഴ്ചകൾക്ക് മുമ്പ് റഷ്യ പിടിച്ചെടുത്ത ഖേര്‍സണ്‍ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഉക്രൈൻ സൈന്യം കനത്ത തിരിച്ചടി നൽകുകയാണെന്ന് റഷ്യൻ സൈനിക മേധാവി. തെക്കൻ നഗരമായ ഖേർസണിലെ സ്ഥിതി വളരെ മോശമായേക്കുമെന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും റഷ്യൻ കമാൻഡർ ജനറൽ സെർജി സുറോവികിൻ പറഞ്ഞു. ഉക്രൈൻ സൈന്യത്തിന്റെ റോക്കറ്റ് ആക്രമണത്തിൽ നഗരത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ തകരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം തിരിച്ചടികൾ റഷ്യ അപൂർവമായി മാത്രമേ സമ്മതിക്കാറുള്ളൂ. ഒരു റഷ്യൻ വാർത്താ ചാനലിനോട് സംസാരിക്കവെയാണ് സൈനിക മേധാവി ഇക്കാര്യം പറഞ്ഞത്. "എല്ലാത്തിനുമുപരി, ഖേർസണിൽ നിന്ന് ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ റഷ്യൻ സൈന്യം ആവശ്യമായതെല്ലാം ചെയ്യും" റഷ്യൻ കമാൻഡർ പറഞ്ഞു. നഗരം വിട്ടുപോകാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് റഷ്യൻ അധികൃതർ ഖേർസൺ നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. "കഴിയുന്നത്ര വേഗത്തില്‍ ഒഴിഞ്ഞുമാറണം. നിപ്പര്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്തുള്ളവരുടെ സ്ഥിതി വളരെ ദുഷ്‌കരമായ സ്ഥിതിയിലാണ് " സെർജി സുറോവികിന്‍ ഒരു ടെലിഗ്രാം ശബ്ദ സന്ദേശത്തിൽ പങ്കുവച്ചു. റഷ്യ പിടിച്ചെടുത്ത ഉക്രൈൻ്റെ ഏക പ്രാദേശിക തലസ്ഥാനമാണ് ഖേർസൺ. കൂടാതെ, മറ്റ് മൂന്ന് ഉക്രൈൻ പ്രദേശങ്ങൾ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് സ്ഥിരീകരണമില്ല.