ചലഞ്ച്; ബഹിരാകാശ നിലയത്തിൽ ആദ്യ സിനിമാ ചിത്രീകരണത്തിനൊരുങ്ങി റഷ്യൻ സംഘം.

മോസ്കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആദ്യത്തെ സിനിമാ ചിത്രീകരണത്തിനൊരുങ്ങുകയാണ് റഷ്യൻ സംഘം. നടി യുലിയ പെരെസിൽഡ്, സംവിധായകനും നിർമാതാവുമായ ക്‌ലിം ഷിപെൻകോ എന്നിവർ അടങ്ങുന്ന സംഘം ഒക്ടോബർ അഞ്ചിന് സോയസ് എം എസ് 18എന്ന റോക്കറ്റിലാവും നിലയത്തിലേക്ക് യാത്ര തിരിക്കുക. 2017-ൽ പുറത്തിറങ്ങിയ ബഹിരാകാശ ആക്ഷൻ ചിത്രം സല്യൂട്ട് 7-ന്റെ സംവിധായകനാണ് ക്‌ലിം ഷിപെൻകോ. പിന്തുണയുമായി റഷ്യൻ ബഹിരാകാശ യാത്രികൻ ഒലെഗ് ആർതെമിയേവും മറ്റ് രണ്ടുപേരും ഇവർക്കൊപ്പമുണ്ടാകും.

ഓഗസ്റ്റ് 31-നാണ് പരീക്ഷണങ്ങൾക്കുശേഷം ഇരുവരെയും ദൗത്യത്തിനായി തിരഞ്ഞെടുത്തത്. യാത്രികർക്കുമാത്രമല്ല താത്പര്യമുള്ള എല്ലാ വ്യക്തികൾക്കും ബഹിരാകാശം ലഭ്യമാകുമെന്ന സന്ദേശം നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഏജൻസി വ്യക്തമാക്കി.

ബഹിരാകാശനിലയത്തിൽ ആദ്യമായി ചിത്രീകരണം നടത്തുന്ന സിനിമയ്ക്ക് ചലഞ്ച് എന്നാണ്‌ പേരുനൽകിയിരിക്കുന്നതെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് അറിയിച്ചു. ഭൂമിയിൽ തിരിച്ചെത്താൻ കഴിയാത്തവിധം അസുഖംബാധിച്ച ബഹിരാകാശ യാത്രികനെ ശസ്ത്രക്രിയ നടത്താൻ നിയോഗിക്കപ്പെടുന്ന വനിതാ സർജന്റെ കഥയാണ് സിനിമ പറയുന്നതെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ആർ ഐ എ റിപ്പോർട്ട് ചെയ്യുന്നു.

Related Posts