റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഈയാഴ്ച ഇന്ത്യ സന്ദർശിച്ചേക്കും
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഈ ആഴ്ച ഒരു ഹ്രസ്വ സന്ദർശനത്തിനായി ഇന്ത്യയിലെത്തുമെന്ന് സൂചനകൾ. ഉക്രയ്ൻ പ്രതിസന്ധി പ്രധാന ചർച്ചാ വിഷയമാകും.
ലാവ്‌റോവ് ഡൽഹിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മാർച്ച് 31-ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സും ഇന്ത്യയിലെത്തുന്നുണ്ട്. ഉക്രയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്‌കിയെ പിന്തുണയ്ക്കാനുള്ള ബ്രിട്ടന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ട്രസ് ഇന്ത്യയിലെത്തുന്നത്.
വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ഏപ്രിൽ 1-ന് ലാവ്റോവ് കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നയതന്ത്ര തലത്തിലെ സന്ദർശനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഉക്രയ്നിലെ സംഘർഷവും നിലവിലെ സ്ഥിതിയുമെല്ലാം ചർച്ചയിൽ ഇടം പിടിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചനകൾ.
ഉക്രയ്നിലെ റഷ്യൻ കടന്നുകയറ്റത്തെ പരസ്യമായി എതിർക്കാത്ത ഇന്ത്യയുടെ ദൃഢതയില്ലാത്ത നിലപാടിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾക്ക് അമർഷമുണ്ട്. ഐക്യരാഷ്ട്ര പൊതുസഭയിലും സുരക്ഷാ കൗൺസിലിലും യുദ്ധത്തെ അപലപിക്കുന്ന പ്രമേയം വോട്ടിനിട്ടപ്പോൾ വിട്ടുനിൽക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചത്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾക്കിടയിലും റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനവും വിമർശന വിധേയമായിട്ടുണ്ട്.