യുഎസിനെ വെല്ലുവിളിച്ച് പുട്ടിന്‍; റഷ്യയ്ക്ക് കൂട്ട് ഇന്ത്യ, ചൈന!
മോസ്കോ: ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ 'ഒതുക്കാൻ' ശ്രമിക്കുന്ന യുഎസിനും സഖ്യകക്ഷികൾക്കും തിരിച്ചടി നൽകുന്നതിനായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ ഇന്ത്യയുമായും ചൈനയുമായും കൈകോർത്തു. ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തോടെ റഷ്യ നടത്തുന്ന പ്രധാന സൈനികാഭ്യാസത്തിന്‍റെ പശ്ചാത്തലത്തിലാണ് നിരീക്ഷണം. ഇന്ന് ആരംഭിക്കുന്ന റഷ്യയുടെ നേതൃത്വത്തിൽ നടക്കുന്ന സൈനികാഭ്യാസത്തിൽ അരലക്ഷത്തോളം സൈനികരാണ് പങ്കെടുക്കുന്നത്. 140 യുദ്ധവിമാനങ്ങളും 60 യുദ്ധക്കപ്പലുകളും സഹിതം അയ്യായിരത്തോളം യുദ്ധക്കോപ്പുകളും ഒരാഴ്ച നീണ്ടു നിൽക്കുന്ന വോസ്തോക്–2022 സൈനിക അഭ്യാസത്തിന്റെ ഭാഗമാണ്. ജപ്പാൻ കടലിൽ നാവികാഭ്യാസങ്ങളും ഉണ്ട്. ഈ വർഷം ഫെബ്രുവരിയിൽ ഉക്രൈൻ അധിനിവേശത്തെ തുടർന്ന് ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട റഷ്യയ്ക്ക് അതിന് ശേഷമുള്ള ആദ്യ പ്രധാന സൈനികാഭ്യാസത്തിലാണ് ഇന്ത്യയും ചൈനയും പങ്കെടുക്കുന്നത്. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്‍റെയും (എസ്.സി.ഒ) റഷ്യയുടെ നേതൃത്വത്തിലുള്ള കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷന്‍റെയും ഭാഗമായ രാജ്യങ്ങളെ സംയോജിപ്പിക്കുന്ന പതിവ് സൈനിക അഭ്യാസമാണെങ്കിലും, ഉക്രൈൻ അധിനിവേശത്തിന് ശേഷം റഷ്യ സംഘടിപ്പിക്കുന്ന ആദ്യ സൈനിക അഭ്യാസമാണിത് എന്നത് നിർണായകമാണ്.