ഉക്രയ്നിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ യു എൻ സുരക്ഷാ കൗൺസിലിൽ റഷ്യൻ പ്രമേയം; അപലപിച്ച് അമേരിക്ക, ഇന്ത്യ വിട്ടുനിന്നു

ഉക്രയ്നിലെ മാനുഷിക പ്രതിസന്ധി മുൻനിർത്തി ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൽ റഷ്യ കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടു. റഷ്യയും ചൈനയും മാത്രമാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. ഇന്ത്യയടക്കം 13 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

പ്രതിസന്ധിക്ക് കാരണക്കാരായ റഷ്യ തന്നെ പരിഹാരം തേടി പ്രമേയം അവതരിപ്പിക്കുന്നതിലെ പരിഹാസ്യത ചൂണ്ടിക്കാട്ടി അമേരിക്ക പ്രസ്താവനയിറക്കി. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന രാജ്യങ്ങളെല്ലാം റഷ്യൻ നിലപാടിനെ വിമർശിച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഇന്ത്യ പ്രസ്താവന നൽകിയില്ല.

ഉക്രയ്നിൽ വിവരണാതീതമായ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുന്ന റഷ്യ തന്നെ അന്താരാഷ്ട്ര സമൂഹത്തോട് അതിനുള്ള പരിഹാരം ആവശ്യപ്പെടുന്നത് അപലപനീയമാണെന്ന് യു എന്നിലെ യു എസ് അംബാസിഡർ ലിൻ്റ ഗ്രീൻഫീൽഡ് പറഞ്ഞു. ഉക്രയ്നിൽ ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതവും സ്വപ്നങ്ങളും താറുമാറാക്കിയവർക്ക് മാനുഷിക പരിഗണന തരിമ്പുമില്ല. ഉണ്ടെങ്കിൽ അവർ യുദ്ധം എന്നേ നിർത്തുമായിരുന്നു.

റഷ്യയാണ് അധിനിവേശം നടത്തിയത്. റഷ്യയാണ് ഉക്രയ്ൻ ജനതയ്ക്കെതിരെ മന:സാക്ഷിയില്ലാത്ത ആക്രമണ പരമ്പര അഴിച്ചുവിടുന്നത്. ഉക്രയ്നിലെ മാനുഷിക പ്രതിസന്ധിക്ക് ഒരേയൊരു കാരണക്കാരൻ റഷ്യയാണ്. എന്നിട്ടും അതിന് പരിഹാരം കാണാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നത് തട്ടിപ്പാണെന്ന് അമേരിക്ക തുറന്നടിച്ചു.

Related Posts