റഷ്യൻ യുദ്ധവിമാനവും യുഎസിൻ്റെ ഡ്രോണും കൂട്ടിയിടിച്ചു; പങ്ക് നിഷേധിച്ച് റഷ്യ

ബ്രസ്സൽസ്: റഷ്യൻ യുദ്ധവിമാനവും യുഎസ് ഡ്രോണും കരിങ്കടലിന് മുകളിൽ കൂട്ടിയിടിച്ചു. റഷ്യയുടെ സുഖോയ് -27 യുദ്ധവിമാനം യുഎസിന്‍റെ എംക്യു -9 റീപ്പർ ഡ്രോണുമായാണ് കൂട്ടിയിടിച്ചതെന്ന് യുഎസ് സൈന്യത്തിന്‍റെ യൂറോപ്യൻ കമാൻഡ് അറിയിച്ചു. എംക്യു-9 ഡ്രോൺ അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് റഷ്യൻ വിമാനം ഇടിച്ചതെന്ന് യു എസ് എയർഫോഴ്സ് യൂറോപ്പ് ആൻഡ് എയർഫോഴ്സ് ആഫ്രിക്ക കമാൻഡർ ജനറൽ ജെയിംസ് ഹെക്കർ പറഞ്ഞു. എംക്യു-9 പൂർണ്ണമായും ഉപയോഗശൂന്യമായി. പ്രൊഫഷണലല്ലാത്ത സുരക്ഷിതമല്ലാത്ത നടപടിയാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കരിങ്കടലിൽ പതിച്ച യുഎസ് ഡ്രോണുമായി തങ്ങളുടെ യുദ്ധവിമാനം കൂട്ടിയിടിച്ചി‌ട്ടില്ലെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. റഷ്യൻ സൈന്യം തങ്ങളുടെ ഓൺ‌ബോർഡ് ആയുധങ്ങൾ ഉപയോഗിച്ചില്ലെന്നും ഡ്രോണുമായി കൂട്ടിയിടിച്ചില്ലെന്നുമാണ് മന്ത്രാലയം അറിയിച്ചത്.

Related Posts