ശബരിമല യുവതീപ്രവേശനം; രഹ്ന ഫാത്തിമയുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമല ദർശനത്തിന് ശ്രമിച്ചതിനെതിരെ പത്തനംതിട്ട പൊലീസ് എടുത്ത കേസിൽ ഹൈക്കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. മതവിശ്വാസങ്ങളെ അവഹേളിക്കാൻ ശ്രമിക്കുകയും മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്. ഹർജിയിൽ കോടതി നേരത്തെ സംസ്ഥാനത്തിന്‍റെ പ്രതികരണം തേടിയിരുന്നു. അതേസമയം ശബരിമല സന്നിധാനത്തെ തിരക്ക് കുറഞ്ഞു. ഏകദേശം 40,000 പേർ ക്ഷേത്രം സന്ദർശിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ വലിയ തിരക്കുണ്ടാകില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. സന്നിധാനത്തെ കടകളിൽ അധികൃതരുടെ പരിശോധന തുടരുകയാണ്. നിയമലംഘനം നടത്തിയ കടകളിൽ നിന്ന് 51,000 രൂപ പിഴ ചുമത്തി. അതേസമയം ശബരിമല സന്നിധാനത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പാമ്പുകളെ പിടിക്കുന്ന തിരക്കിലാണ്. മണ്ഡലകാലത്ത് ഇതുവരെ 26 പാമ്പുകളെയാണ് പിടികൂടിയത്. പമ്പയിലെയും സന്നിധാനത്തെയും കൺട്രോൾ റൂമുകളിൽ പാമ്പുകളെ കണ്ടാൽ വിവരം ലഭിക്കും. ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇവയെ പിടികൂടും. മൂന്ന് മൂർഖൻ പാമ്പുകൾ ഉൾപ്പെടെ 26 പാമ്പുകളെയാണ് ഇതുവരെ പിടികൂടിയത്. പാമ്പുകളെ സാധാരണയായി ഉൾക്കാടുകളിൽ ഉപേക്ഷിക്കുകയാണ് പതിവ്. ഓരോ ദിവസവും കുറഞ്ഞത് രണ്ട് പാമ്പുകളെങ്കിലും ഉദ്യോഗസ്ഥർ പിടിക്കുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ പാമ്പുപിടിത്തത്തിൽ മാത്രമല്ല, കടപുഴകി വീണ മരങ്ങൾ നീക്കം ചെയ്യുന്നതുൾപ്പെടെ പല കാര്യങ്ങളിലും സജീവമാണ്.