നേതൃത്വവുമായുളള കൂടിക്കാഴ്ചക്ക് ഡൽഹിയിലെത്തി സച്ചിൻ പൈലറ്റ്

ന്യൂഡൽഹി: രാജസ്ഥാനിലെ കോൺ​ഗ്രസ് സർക്കാരിനെതിരെ നിരാഹാര സമരം നടത്തിയ യുവനേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തി. കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുമായി സച്ചിൻ പൈലറ്റ് കൂടിക്കാഴ്ച നടത്തിയേക്കും. നേതൃത്വവുമായുളള സച്ചിൻ പൈലറ്റിന്റെ കൂടിക്കാഴ്ച പാർട്ടിവൃത്തങ്ങൾ തളളിക്കളഞ്ഞിട്ടില്ല. സച്ചിൻ പൈലറ്റ് പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ സന്ദർശനം. അഴിമതി ആരോപണ കേസുകൾ അന്വേഷിക്കുന്നതിൽ ​ഗെഹ്‌ലോട്ട് സർക്കാർ പരാജയപ്പെട്ടുവെന്ന് പറഞ്ഞ് സച്ചിൻ പൈലറ്റ് നിരാഹാര സമരമിരുന്നിരുന്നു. ഉപവാസം നടത്തുന്നത് പാര്‍ട്ടി വിരുദ്ധമാണെന്ന മുന്നറിയിപ്പ് മറികടന്നാണ് സച്ചിന്റെ സമരം. ഗെഹ്‌ലോട്ടിനെതിരായ സമരം പാര്‍ട്ടി വിരുദ്ധമാണെന്ന് പറഞ്ഞ് രാജസ്ഥാന്റെ എഐസിസി ചുമതലയുള്ള സുഖ്‌വീന്ദര്‍ സിംഗ് രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് അകത്ത് തന്നെ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികള്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് സച്ചിന്‍ പൈലറ്റിന്റെ ആവശ്യം. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയെന്ന് ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എക്സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കൈയേറ്റം, ലളിത് മോദി സത്യവാങ്മൂലം കേസ് എന്നിവയ്ക്കെതിരെ നടപടി എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സച്ചിന്‍ പൈലറ്റ് ആരോപിച്ചിരുന്നു.

Related Posts