ഫിഫ ലോകകപ്പിൽ സാംസ്‌കാരിക പരിപാടികൾ ഏകോപിപ്പിക്കാൻ മലയാളിയായ സഫീർ റഹ്‌മാൻ
ദോഹ: ഫിഫ ലോകകപ്പിലെ സാംസ്കാരിക, കമ്യൂണിറ്റി പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി പ്രവാസി മലയാളിയായ സഫീർ റഹ്മാനെ ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡറായി തിരഞ്ഞെടുത്തു. ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ലോകകപ്പുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി ഇവന്‍റുകൾ ഏകോപിപ്പിക്കുന്നതിന് ഇന്ത്യ ഉൾപ്പെടെ വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള കമ്മ്യൂണിറ്റി നേതാക്കളെ തിരഞ്ഞെടുത്തു. കമ്യൂണിറ്റികളുടെ കൾചറൽ ഫോക്കൽ പോയിന്റ് ആയാണ് കമ്യൂണിറ്റി ലീഡർമാരെ തിരഞ്ഞെടുത്തത്. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശിയായ സഫീർ ലോകകപ്പിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ഫാൻ ലീഡർ കൂടിയാണ്. ലോകകപ്പിനോടനുബന്ധിച്ച് വിവിധ മേഖലകളിലായി 28 പരിശീലന കോഴ്സുകളിൽ ഇതിനകം പങ്കെടുത്തിട്ടുണ്ട്. കമ്യൂണിറ്റി ലീഡർമാർക്കുള്ള പരിശീലന കോഴ്സിന്‍റെ അവസാന റൗണ്ട് കഴിഞ്ഞയാഴ്ച പൂർത്തിയായി. ലോകകപ്പിൽ കാണികൾക്കായി മികച്ച കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയാണ് ദൗത്യം. സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റികളിൽ നിന്ന് നിരവധി അപേക്ഷകൾ ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് സഫീർ പറഞ്ഞു. ഇന്ത്യൻ കമ്യൂണിറ്റിയിൽ നിന്ന് പരമാവധി പരിപാടികൾ അവതരിപ്പിക്കുകയാണ് ലക്ഷ്യം.