സഹദ് അച്ഛനും സിയ അമ്മയുമാകണം; മന്ത്രിക്ക് നിവേദനം നൽകുമെന്ന് ദമ്പതിമാര്‍
കോഴിക്കോട്: ജനന സർട്ടിഫിക്കറ്റിൽ മാതാപിതാക്കളായി പേര് ചേർക്കാനുള്ള തിടുക്കത്തിലാണ് ട്രാൻസ്ജെൻഡർ ദമ്പതികളായ സഹദും സിയയും. പിതാവായി സഹദും അമ്മയായി സിയയും. ആശുപത്രി വിടുന്നതിന് മുമ്പ് ഇത് ചേർക്കണം. ഇവ രേഖകളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ആരോഗ്യമന്ത്രിക്കും മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ടിനും നിവേദനം നൽകുമെന്നും സിയ പറഞ്ഞു. അടുത്ത മാസം മെഡിക്കൽ കോളേജിൽ എത്തുന്ന ആരോഗ്യമന്ത്രിയെ കാണാനുള്ള ആഗ്രഹത്തിലാണ് ദമ്പതിമാര്‍. ദമ്പതികൾക്ക് ആധാർ കാർഡും ട്രാൻസ്ജെൻഡർ ഐഡന്‍റിറ്റി കാർഡും ഉണ്ട്. സഹദ് ആണ് കുഞ്ഞിന് ജൻമം നൽകിയതെങ്കിലും അവൻ പിതാവാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്ന് സിയ പറഞ്ഞു. സമൂഹത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് നല്ലതും ചീത്തയുമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നിരുന്നാലും, ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന എല്ലാ സഹായവും മാനസിക പിന്തുണയും വളരെയധികം സന്തോഷം നൽകുന്നുവെന്നും അവർ പറഞ്ഞു.