ആവേശത്തിമിർപ്പിൽ ആരാധകർ, 'ലവ് സ്റ്റോറി'യുടെ തിയേറ്റർ ദൃശ്യങ്ങൾ പുറത്തുവിട്ട് സായ്പല്ലവി

ടോളിവുഡിൽ തരംഗമായി മാറിയ ലവ് സ്റ്റോറിയുടെ തിയേറ്റർ ദൃശ്യങ്ങൾ പങ്കുവെച്ച് ചിത്രത്തിലെ നായികയായ സായ്പല്ലവി. ആഹ്ലാദാരവങ്ങളോടെ ആരാധകർ ചിത്രത്തെ വരവേല്ക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

യുവതാരം നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകൻ. പങ്കാളിയായ സാമന്തയുമായുള്ള വിവാഹമോചന വാർത്തകൾ ഗോസിപ്പു കോളങ്ങളിൽ നിറയുന്നതിനിടയിലാണ് നടൻ്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ വിജയമാവും എന്ന് കരുതപ്പെടുന്ന ചിത്രം ഇന്നലെ തിയേറ്ററുകളിൽ എത്തിയത്. ആന്ധ്രയിലും തെലങ്കാനയിലുമായി 700 ലേറെ തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനത്തിൽ തന്നെ 8 കോടി രൂപ കളക്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്. വിദേശത്തും മികച്ച പ്രതികരണമാണ് ചിത്രം നേടിയിട്ടുള്ളത്.

തെന്നിന്ത്യൻ സിനിമയിലെ 'ഡാൻസിങ്ങ് ക്വീൻ' ആയാണ് സായ്പല്ലവി അറിയപ്പെടുന്നത്. അൽഫോൻസ് പുത്രൻ്റെ നിവിൻ പോളി ചിത്രമായ 'പ്രേമ'ത്തിലെ മലർ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അഭിനേത്രി, ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായാണ് കരുതപ്പെടുന്നത്. ദുൽഖർ സൽമാൻ നായകനായ 'കലി', ഫഹദ് ഫാസിലിനൊപ്പമുള്ള 'അതിരൻ' എന്നീ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Related Posts