വ്യക്തിഗത ഇനത്തില്‍ ഒളിമ്പിക്സ് യോഗ്യത ലഭിക്കുന്ന അഞ്ചാമത്തെ മലയാളി താരമാണ് 27കാരനായ സജന്.
ചരിത്രം കുറിച്ച് മലയാളി താരം സജന്‍ പ്രകാശ്; ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരം.
റോം:
ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമായി കേരള ആംഡ് പോലീസ് ഇൻസ്പെക്ടർ സജൻ പ്രകാശ്. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ വിഭാഗത്തിലാണ് സജന്‍ യോഗ്യത നേടിയത്. റോമില്‍ നടന്ന മീറ്റില്‍ സ്വര്‍ണം നേടി കൊണ്ടാണ് സജന്‍ ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്നവരുടെ എ വിഭാഗത്തിലെത്തിയത്. "എ" യോഗ്യത മാർക്ക് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സജൻ പ്രകാശ്.
1:56.48 സെക്കന്റായിരുന്നു ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാന്‍ വേണ്ടിയിരുന്നത്. 1:56:38 സെക്കന്റിലാണ് സജന്‍ ഒന്നാമതായി ഫിനിഷ് ചെയ്ത് യോഗ്യത ഉറപ്പിച്ചത്.
2016 ലെ റിയോ ഒളിമ്പിക്സിൽ 200 മീറ്റർ ബട്ടർഫ്ളൈ ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സജൻ പ്രകാശ് മത്സരിച്ചിരുന്നു. 2015ല്‍ നടന്ന ദേശീയ ഗെയിംസിലൂടെയാണ് സജന്‍ ദേശീയ ശ്രദ്ധ നേടുന്നത്. ഗെയിംസില്‍ ആറ് സ്വര്‍ണ മെഡലുകളും മൂന്ന് വെള്ളി മെഡലുകളും നേടി മീറ്റിലെ താരമായിരുന്നു സജന്‍.
നേരത്തെ ബെല്‍ഗ്രേഡില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സജന്‍ സ്വര്‍ണം നേടിയിരുന്നെങ്കിലും എ വിഭാഗത്തില്‍ ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാന്‍ സജനായില്ല. അന്ന് 0.48 സെക്കൻഡ് വ്യത്യാസത്തിലാണ് സജന് ഒളിമ്പിക്സ് യോഗ്യത നഷ്ടമായത്. വ്യക്തിഗത ഇനത്തില്‍ ഒളിമ്പിക്സ് യോഗ്യത ലഭിക്കുന്ന അഞ്ചാമത്തെ മലയാളി താരമാണ് 27കാരനായ സജന്‍.