തിരികെ അധികാരത്തിലേക്ക്; സജി ചെറിയാൻ്റെ സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയാകും. വൈകിട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ശക്തമായ വിയോജിപ്പോടെയാണ് ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിന് ഗവർണർ അനുമതി നൽകിയത്. അറ്റോർണി ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. സജിക്കെതിരായ കേസിൽ കോടതി അന്തിമതീരുമാനം നൽകാത്ത സാഹചര്യത്തിൽ, ഈ വിഷയത്തിൽ കൂടുതൽ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കും. 182 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജി ചെറിയാൻ, പിണറായി മന്ത്രിസഭയിൽ തിരിച്ചെത്തിയത്. നേരത്തെ വഹിച്ചിരുന്ന ഫിഷറീസ്, സാംസ്കാരികം, സിനിമ, യുവജനക്ഷേമം എന്നീ വകുപ്പുകളാണ് അദ്ദേഹത്തിന് ലഭിക്കുക. മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ തള്ളിയാൽ മുഖ്യമന്ത്രിയിൽ അവിശ്വാസമുണ്ടാകുമെന്നായിരുന്നു അറ്റോർണി ജനറലിന്‍റെ നിയമോപദേശം. സംസ്ഥാനത്തെ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ട്. ശുപാർശ അവഗണിച്ചിരുന്നെങ്കിൽ ഗവർണർ തന്നെ ഭരണഘടനയെ മറികടന്നുവെന്ന് വരുമെന്നും അതിനാൽ വിയോജിപ്പ് രേഖപ്പെടുത്തി അനുമതി നൽകാമെന്നുമായിരുന്നു ഉപദേശം.