സാജു മകളെ മുൻപും ഉപദ്രവിച്ചു; വെളിപ്പെടുത്തി അഞ്ജുവിന്റെ അമ്മ
കോട്ടയം: ബ്രിട്ടണില്‍ കൊല്ലപ്പെട്ട അഞ്ജുവിനെ നേരത്തെയും ഭർത്താവ് സാജു ഉപദ്രവിച്ചിരുന്നതായി അഞ്ജുവിന്‍റെ അമ്മ വെളിപ്പെടുത്തി. സൗദി അറേബ്യയിൽ ജോലി ചെയ്യുമ്പോൾ സാജു മകളെ ഉപദ്രവിച്ചിരുന്നുവെന്നും സാജു ക്രൂരനാണെന്നും അഞ്ജുവിന്‍റെ അമ്മ കൃഷ്ണമ്മ പറഞ്ഞു. നഴ്സായ അഞ്ജുവും ഭർത്താവ് സാജുവും നേരത്തെ സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്നു. ഈ സമയത്ത് അഞ്ജുവിന്‍റെ അമ്മയും കുറച്ചുകാലം ഇവർക്കൊപ്പമുണ്ടായിരുന്നു. ഈ സമയത്താണ് അഞ്ജുവിനെ ഭർത്താവ് ഉപദ്രവിക്കുന്നത് ഇവർ കണ്ടത്. "മകളെ അവളുടെ മുറി പൂട്ടിയിട്ടാണ് ഉപദ്രവിച്ചിരുന്നത്. ഒരിക്കൽ ഞാൻ വാതിൽ തുറക്കാൻ പറഞ്ഞിട്ടും തുറന്നില്ല. ഞാൻ വാതിലിൽ ചവിട്ടി നോക്കി. പിന്നാലെ മുറി തുറന്ന് അവൻ പുറത്തേക്ക് പോയി. എന്താണ് കാര്യമെന്ന് ഞാൻ എന്‍റെ മകളോട് ചോദിച്ചപ്പോൾ ഒന്നും മിണ്ടേണ്ട, പൊയ്‌ക്കോട്ടെ എന്നാണ് മകൾ പറഞ്ഞത്", കൃഷ്ണമ്മ പറഞ്ഞു.