ശക്തിമാൻ സിനിമയാകുന്നു; മൂന്ന് ഭാഗങ്ങളുള്ള ചിത്രം നിർമിക്കുന്നത് സോണി പിക്ചേഴ്സ്

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ ഒടുവിലും രണ്ടായിരത്തിൻ്റെ തുടക്കത്തിലുമായി ഇന്ത്യൻ ജനതയുടെ സൂപ്പർ ഹീറോ അതിഭാവനകൾക്ക് നിറം പകർന്ന കഥാപാത്രമായിരുന്നു ശക്തിമാൻ. രാജ്യത്തെ ആദ്യത്തെ സൂപ്പർ ഹിറ്റ് സൂപ്പർ ഹീറോ പരമ്പര.

തുടർച്ചയായി 8 വർഷമാണ് മുകേഷ് ഖന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച പരമ്പര ദൂരദർശൻ നാഷണൽ ചാനലിൽ സംപ്രേഷണം ചെയ്തത്. ടെലിവിഷനിൽ വൻവിജയം കൈവരിച്ച ശക്തിമാൻ സിനിമയാകുകയാണ്. സോണി പിക്ചേഴ്സാണ് സിനിമയുടെ നിർമാതാക്കൾ. മൂന്ന് ഭാഗങ്ങളുള്ള സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങുമെന്ന് നിർമാതാക്കൾ അറിയിച്ചു.

പരമ്പരയുടെ നിർമാതാക്കളായ മുകേഷ് ഖന്നയുടെ ഭീഷ്മ് ഇൻ്റർനാഷണലും ബ്രൂയിങ്ങ് തോട്ട്സുമായി യോജിച്ചാണ് സിനിമ നിർമിക്കുന്നത്. ചിത്രത്തിൻ്റെ ടീസർ ഇന്നലെ സോണിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു.

ഇതിഹാസ പുരുഷനായ സൂപ്പർഹീറോയുടെ മാന്ത്രികത പുനഃസൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും രാജ്യത്തെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് ടൈറ്റിൽ റോൾ ചെയ്യുന്നതെന്നും ടീസറിന് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു.

ശക്തിമാനായും അദ്ദേഹത്തിൻ്റെ അപര വ്യക്തിത്വമായ പണ്ഡിറ്റ് ഗംഗാധർ വിദ്യാധർ മായാധർ ഓംകാർനാഥ് ശാസ്ത്രിയായും ഇരട്ടവേഷത്തിൽ എത്തിയ നിർമാതാവ് മുകേഷ് ഖന്നയുമായി ധാരണയിൽ എത്തിയ വിവരം സോണി പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ചിത്രം ആരാണ് സംവിധാനം ചെയ്യുന്നതെന്നോ ശക്തിമാൻ്റെ വേഷത്തിൽ എത്തുന്ന സൂപ്പർ താരം ആരാണെന്നോ വ്യക്തമാക്കിയിട്ടില്ല.

Related Posts