ശമ്പളം ബുധനാഴ്ചയ്ക്കുള്ളിൽ നൽകണം, ഇല്ലെങ്കിൽ പൂട്ടിക്കോളൂ; കെഎസ്ആർടിസിയോട് ഹൈക്കോടതി
കൊച്ചി: ബുധനാഴ്ചയ്ക്കകം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് ഹൈക്കോടതി. ശമ്പളം നൽകിയില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. അതേസമയം ബുധനാഴ്ചയോടെ ശമ്പളം നൽകുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് കോടതിയെ അറിയിച്ചു. സ്ഥാപനം അടച്ചുപൂട്ടിയാൽ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്ന് മാനേജ്മെന്‍റ് കോടതിയ്ക്ക് മുന്നിൽ വ്യക്തമാക്കി. എന്നാൽ യാത്രക്കാർ മറ്റ് മാർഗങ്ങൾ തേടിക്കോളും എന്നായിരുന്നു കോടതിയുടെ മറുപടി. പത്താം തീയതി കഴിഞ്ഞിട്ടും കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകിയിട്ടില്ല. അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. 30 കോടി രൂപ മാത്രമാണ് ബജറ്റ് മാസത്തിൽ ധനവകുപ്പ് വകയിരുത്തിയത്. ഇതിനിടെ കെ.എസ്.ആർ.ടി.സിക്കുള്ള സർക്കാർ സഹായം തുടരുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. കെ.എസ്.ആർ.ടി.സിയെ സഹായിക്കില്ലെന്ന് സർക്കാർ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നും അത് ഏതെങ്കിലും ഉദ്യോഗസ്ഥന്‍റെ നിലപാടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.