കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്ന് മുതൽ; 30 കോടി രൂപ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ ശമ്പള വിതരണം ഇന്ന് ഉണ്ടായേക്കും. ശമ്പളം നൽകാനായി സർക്കാർ 30 കോടി രൂപ കൂടി ഇന്ന് അനുവദിക്കും. ജിഎസ്ടി കൗൺസിൽ യോഗം കഴിഞ്ഞ് തിരിച്ചെത്തുന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ പണം നൽകാൻ അനുമതി നൽകും. ഗതാഗതമന്ത്രി ആന്റണി രാജു ധനമന്ത്രിയെ നേരിട്ട് കാണുന്നുമുണ്ട്.
ബാക്കി തുക ഓവർ ഡ്രാഫ്റ്റ് എടുക്കാനാണ് കെ എസ് ആർ ടി സി മാനേജ്മെന്റിന്റെ തീരുമാനം.കൂടുതൽ തുക ആവശ്യമെങ്കിൽ താത്കാലിക സാമ്പത്തിക ക്രമീകരണങ്ങളിലൂടെ കണ്ടെത്തും. ശമ്പള വിതരണം വൈകിയതിനെതിരായ സിഐടിയു യൂണിയന്‍റെ പ്രതിഷേധ സംഗമം ഇന്ന് ട്രാൻപോർട്ട് ഭവന് മുന്നിൽ നടക്കും
അതേസമയം ഒരു ദിവസത്തെ പണിമുടക്ക് മൂന്ന് ദിവസത്തെ വരുമാനത്തെ ബാധിച്ചുവെന്ന ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം ഇന്ധനവില വര്‍ധനവെന്നും മന്ത്രി. അതേസമയം ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെ എസ് ആര്‍ ടി സി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും എണ്ണക്കമ്പനികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ച് യൂണിയനുകള്‍ സമരം നടത്തിയത് കൊണ്ട് മാത്രമാണ് ശമ്പളം വൈകിയതെന്നും മന്ത്രി പറഞ്ഞു.