ഭജ്രംഗി ഭായ്ജാൻ രണ്ടാം ഭാഗം സ്ഥിരീകരിച്ച് സൽമാൻഖാൻഭജ്രംഗി ഭായ്ജാൻ രണ്ടാം ഭാഗം സ്ഥിരീകരിച്ച് സൽമാൻഖാൻ
സൂപ്പർഹിറ്റ് ചിത്രം ഭജ്രംഗി ഭായ്ജാന് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് സ്ഥിരീകരിച്ച് ബോളിവുഡ് സൂപ്പർ താരം സൽമാൻഖാൻ. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് ഭജ്രംഗിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്ന വിവരം സൽമാൻ ഉറപ്പിച്ചത്.
2015-ലാണ് സൂപ്പർഹിറ്റ് ചിത്രം ഭജ്രംഗി ഭായ്ജാൻ റിലീസ് ചെയ്തത്. കബീർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ കടുത്ത ഹനുമാൻ ഭക്തനായ കഥാപാത്രത്തെയാണ് സൽമാൻ അവതരിപ്പിച്ചത്. ഷാഹിദ എന്ന സംസാരശേഷിയില്ലാത്ത ആറു വയസ്സുകാരി ഇന്ത്യയിൽവെച്ച് മാതാപിതാക്കളിൽ നിന്ന് ഒറ്റപ്പെടുന്നു. അവളെ പാകിസ്താനിലെ വീട്ടിലെത്തിക്കുന്ന ദൗത്യം നായകൻ ഏറ്റെടുക്കുന്നു. 90 കോടി ബജറ്റിൽ നിർമിച്ച ചിത്രം ബോക്സോഫീസിൽ
വാരിക്കൂട്ടിയത് 969 കോടിയാണ്. എസ് എസ് രാജമൗലിയുടെ പിതാവ് കെ വി വിജയേന്ദ്ര പ്രസാദ് തിരക്കഥ രചിച്ച ചിത്രത്തിൽ സൽമാൻഖാന് പുറമേ കരീന കപൂർ ഖാൻ, നവാസുദ്ദീൻ സിദ്ദിഖി, ഹർഷാലി മൽഹോത്ര തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സംവിധായകൻ കരൺ ജോഹർ ആതിഥേയത്വം വഹിച്ച ചടങ്ങിലാണ് ഭജ്രംഗിയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൽമാൻ്റെ അപ്രതീക്ഷിത പ്രഖ്യാപനം. രാജമൗലിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് നടൻ പറഞ്ഞു. രാജമൗലിയുമായും അദ്ദേഹത്തിൻ്റെ പിതാവുമായും തനിക്ക് ശക്തമായ ബന്ധമുണ്ട്. രാജമൗലിയുടെ പിതാവാണ് ഭജ്രംഗി എഴുതിയത്. സിനിമയുടെ രണ്ടാം ഭാഗത്തിനായി തങ്ങൾ വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുമെന്നും നടൻ വെളിപ്പെടുത്തി. വാർത്ത പുറത്തുവന്നതോടെ രാജമൗലി തന്നെ ചിത്രം സംവിധാനം ചെയ്യുമെന്ന പ്രതീക്ഷകളാണ് ആരാധകർ പങ്കുവെയ്ക്കുന്നത്.