ഓട്ടോറിക്ഷ ഓടിച്ച് സൽമാൻ ഖാൻ, ട്വിറ്ററിൽ വൈറലായി വീഡിയോ
ബോളിവുഡിലെ സൂപ്പർതാരം സൽമാൻ ഖാൻ ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ ദിവസം പനവേലിലെ ഫാം ഹൗസിൽ വെച്ച് സൽമാനെ പാമ്പുകടിച്ച വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
വിഷമില്ലാത്ത പാമ്പാണ് നടനെ കടിച്ചത്. എന്തായാലും നവി മുംബൈയിലെ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എത്തിച്ച നടനെ ഞായറാഴ്ച രാവിലെയാണ് ഡിസ്ചാർജ് ചെയ്തത്. പാമ്പുകടിയെപ്പറ്റി നടൻ തമാശ രൂപത്തിൽ ട്വീറ്റ് ചെയ്തിരുന്നു. തന്റെ സഹോദരി ശരിക്കും ഭയന്നു പോയെന്നും അതിനാൽ അവളെ ആശ്വസിപ്പിക്കാനായി താൻ പാമ്പിനൊപ്പം സെൽഫിയെടുത്ത് സൗഹൃദം സ്ഥാപിച്ചെന്നുമായിരുന്നു ട്വീറ്റ്. എന്തായാലും സൽമാനെ കടിച്ചതോടെ ആ പാവം പാമ്പും താരമായി.
ഇപ്പോഴിതാ പനവേലിലെ തെരുവിലൂടെ ഓട്ടോറിക്ഷ ഓടിച്ച് നടക്കുന്ന സൽമാൻ ഖാൻ്റെ വീഡിയോ വൈറലായി മാറിയിരിക്കുന്നു. 56-ാം പിറന്നാൾ ആഘോഷത്തിനിടയിലാണ് താരം മുച്ചക്ര വാഹനവുമായി തെരുവിലേക്ക് ഇറങ്ങിയത്. സൽമാൻ്റെ ഫാൻ പേജുകളെല്ലാം വീഡിയോ ആഘോഷമാക്കുകയാണ്. നീല ടീ ഷർട്ടും അതേ നിറത്തിലുള്ള ഷോർട്സും ധരിച്ച്, തൊപ്പിയും വെച്ച് കിടിലൻ ലുക്കിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.