സൽമാൻ ഖാന് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വധഭീഷണി; സുരക്ഷ ശക്തമാക്കി
മുംബൈ: വധഭീഷണിയെ തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാന്‍റെ മുംബൈയിലെ വസതിക്ക് മുന്നിൽ സുരക്ഷ ശക്തമാക്കി. അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന്‍റെ പേരിൽ ഇമെയിൽ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. സൽമാനെ നേരിൽ കാണണമെന്നും ഇ-മെയിലിൽ പറയുന്നു. 1998ൽ രാജസ്ഥാനിൽ വെച്ച് നടന്ന സിനിമ ചിത്രീകരണതിനിടെ സൽമാൻ ഖാൻ രണ്ട് കൃഷ്ണമൃഗങ്ങളെ വെടിവെച്ചതായി ആരോപണമുണ്ടായിരുന്നു. കൃഷ്ണമൃഗത്തെ കൊന്നതിലൂടെ സൽമാൻ തൻ്റെ സമുദായത്തെ ആക്ഷേപിച്ചുവെന്നാരോപിച്ചാണ് ലോറൻസ് ബിഷ്ണോയിയുടെ ഭീഷണി. സൽമാനെ വധിക്കുമെന്ന് പ്രഖ്യാപിച്ച ലോറൻസ് ബിഷ്ണോയ് കഴിഞ്ഞയാഴ്ച ഒരു ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയിരുന്നു. പഞ്ചാബ് ജയിലിൽ നിന്ന് ഒരു ചാനലിന് നൽകിയ അഭിമുഖം വലിയ വിവാദമായിരുന്നു. എന്നാൽ അഭിമുഖം ജയിലിൽ നിന്നല്ലെന്നാണ് പഞ്ചാബ് പോലീസ് വ്യക്തമാക്കുന്നത്.