വർക്ക് ഔട്ട് ചിത്രം പങ്കുവെച്ച് സൽമാൻ ഖാൻ; 'പുലി തിരിച്ചെത്തി' എന്ന് ആരാധകർ
ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ച് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ. ടൈഗർ സീരീസിലെ മൂന്നാം ഭാഗത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിന് ഇടയിലാണ് ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾ നടൻ പങ്കുവെച്ചിരിക്കുന്നത്. 'ടൈഗർ ഈസ് ബാക്ക് ' എന്ന കമൻ്റോടെ താരത്തിൻ്റെ വർക്ക് ഔട്ട് ചിത്രങ്ങൾ വൈറലാക്കുകയാണ് ആരാധകർ.
ടൈഗർ സീരീസിലെ ആദ്യ രണ്ട് ചിത്രങ്ങളും വമ്പൻ ഹിറ്റായിരുന്നു. ആദ്യ ചിത്രമായ 'ഏക് താ ടൈഗർ' സംവിധാനം ചെയ്തത് കബീർ ഖാൻ ആയിരുന്നു. 2012-ലാണ് ചിത്രം പുറത്തിറങ്ങിയത്. കത്രീന കയ്ഫ്, റൺവീർ ഷോറെ, ഗിരീഷ് കർണാട്, റോഷൻ സേത്ത് തുടങ്ങിയവരാണ് മുഖ്യ വേഷങ്ങൾ ചെയ്തത്. 750 മില്യൺ ബഡ്ജറ്റിൽ നിർമിച്ച ചിത്രം ബോക്സോഫീസിൽ 3.32 ബില്യൺ നേടി.
ടൈഗർ സീരീസിലെ രണ്ടാമത്തെ ചിത്രം 'ടൈഗർ സിന്ദാ ഹൈ' സംവിധാനം ചെയ്തത് അലി അബ്ബാസ് സഫർ ആണ്. 2017-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ കുമുദ് മിശ്ര, പരേഷ് റാവൽ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിച്ചിരുന്നു. 256 കോടി രൂപയുടെ ബജറ്റിൽ നിർമിച്ച ചിത്രം 565 കോടിയാണ് ബോക്സോഫീസിൽ വാരിക്കൂട്ടിയത്.
ടൈഗർ 3 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന മൂന്നാം ഭാഗത്തെ ഏറെ പ്രതീക്ഷയോടെയാണ് സൽമാൻ ആരാധകർ കാത്തിരിക്കുന്നത്.