കുത്തേറ്റ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം; ഒരു കണ്ണിന് കാഴ്ച നഷ്ടമായേക്കും

ന്യൂയോർക്ക്: പടിഞ്ഞാറൻ ന്യൂയോർക്കിൽ പ്രസംഗവേദിയില്‍വച്ച് അക്രമിയുടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദി ഗുരുതരാവസ്ഥയിൽ. നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായ റുഷ്ദിയെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ചികിത്സിക്കുന്നത്. കഴുത്തിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ റുഷ്ദിക്ക് ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇന്ത്യൻ സമയം രാത്രി 8.30ന് ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമിയാണ് റുഷ്ദിയെ കഴുത്തിൽ കുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂജേഴ്സി സ്വദേശിയായ ഹാദി മറ്റാർ (24) ആണ് അറസ്റ്റിലായതെന്ന് ന്യൂയോർക്ക് പോലീസ് അറിയിച്ചു. റുഷ്ദി വേദിയിൽ വന്ന് കസേരയിൽ ഇരുന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. സദസ്സിലുണ്ടായിരുന്ന കറുത്ത വസ്ത്രം ധരിച്ച ഒരാൾ മിന്നൽ വേഗത്തിൽ സ്റ്റേജിലേക്ക് ഓടിയെത്തുകയായിരുന്നു. രക്തത്തിൽ കുളിച്ച് നിലത്ത് വീണ റുഷ്ദിക്ക് സ്റ്റേജിൽ വെച്ച് തന്നെ പ്രഥമ ശുശ്രൂഷ നൽകി. സദസ്സിലെ ഒരു ഡോക്ടർ ആണ് പരിചരിച്ചത്. കഴുത്തിന്‍റെ വലതുഭാഗത്ത് ഉൾപ്പെടെ ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ മുറിവുകളുണ്ടെന്ന് ഡോക്ടർ പറഞ്ഞു. അഞ്ച് മിനിറ്റിനുള്ളിൽ അടിയന്തരസേവന വിഭാഗം എത്തിച്ച ഹെലികോപ്റ്ററിലാണ് റുഷ്ദിയെ ആശുപത്രിയിലെത്തിച്ചത്.

Related Posts