സല്‍മാന് 57-ാം പിറന്നാള്‍; ആശംസകള്‍ നേരാന്‍ നേരിട്ടെത്തി ഷാരൂഖ് ഖാൻ
ബോളിവുഡിന്‍റെ പ്രിയപ്പെട്ട അഭിനേതാക്കളാണ് സൽമാൻ ഖാനും ഷാരൂഖ് ഖാനും. വർഷങ്ങളായി അവരുടെ അടുപ്പം ബോളിവുഡിലെ സംസാരവിഷയമാണ്. ഇപ്പോഴിതാ സൽമാന് പിറന്നാളാശംസകളുമായി നേരിട്ടെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഡിസംബർ 27ന് സൽമാൻ ഖാൻ തന്‍റെ 57-ാം ജന്മദിനം ആഘോഷിക്കുകയാണ്. സഹോദരിയുടെ മകൾ ആയത്ത് ശർമ്മയും ഇതേ ദിവസം ജന്മ ദിനം ആഘോഷിക്കുകയാണ്. ഇരുവർക്കുമായി സൽമാൻ ആതിഥേയത്വം വഹിച്ച ആഘോഷത്തിൽ ഷാരൂഖ് ഖാൻ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ പങ്കെടുത്തു. ഷാരൂഖ് സൽമാനെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങൾ നിരവധി ആരാധകരാണ് പങ്കുവച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പവും സൗഹൃദവും വളരെ പ്രിയപ്പെട്ടതാണെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.