സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, യുവജനങ്ങൾ, മുതിർന്നവർ എല്ലാവരുടെയും മനസ്സറിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയിൽ വിവിധങ്ങളായ 23 ഇനം പരിപാടികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു.
സമം - സ്ത്രീ സമത്വത്തിനായി സാംസ്കാരിക മുന്നേറ്റം; ജില്ലാ തല ആലോചനാ യോഗം ചേർന്നു
തൃശൂർ: സമം - സ്ത്രീ സമത്വത്തിനായി സാംസ്കാരിക മുന്നേറ്റം പദ്ധതിയുടെ ജില്ലാ തല ആലോചനാ യോഗം ചേർന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ സർഗാത്മകമായി പ്രതികരിച്ച് സമസ്ത മേഖലകളിലും സ്ത്രീ - പുരുഷ സമത്വം എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി സാംസ്കാരിക വകുപ്പ് വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയാണ് സമം. ഒരു വർഷം നീണ്ടു നിൽക്കുന്ന വൈവിധ്യ പൂർണമായ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്ത്രീ ശാക്തീകരണത്തിൽ മഹനീയ മാതൃകയാണ് കേരളമെന്നും വാർഡ് തലം വരെയുള്ള എല്ലാവരെയും കൂട്ടിച്ചേർത്ത് സമസ്ത മേഖലകളിലും എത്തുന്ന രീതിയിൽ സമത്തിൻ്റെ പ്രവർത്തനങ്ങൾ നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു.
സമം പരിപാടി വിഭാവനം ചെയ്ത സാംസ്കാരിക വകുപ്പിനെ കലക്ടർ ഹരിത വി കുമാർ അഭിനന്ദിച്ചു. സമം ശരിയായ രീതിയിൽ ജനങ്ങളിലെത്താൻ കലാകാരന്മാർ, വിവിധ ഡിപ്പാർട്ട്മെൻ്റുകൾ എന്നിവരുടെ കൂട്ടായ പ്രവർത്തനം വേണം. ഓരോ വീടുകളിലും ആശയം എത്തിക്കാൻ കഴിഞ്ഞാൽ മാത്രമേ ഫലം കാണൂ. പാകപ്പെടേണ്ടത് സ്ത്രീകൾ മാത്രമല്ല പുരുഷന്മാർ കൂടിയാണെന്ന് കലക്ടർ പറഞ്ഞു. വീടും സമൂഹവും ഒരുമിച്ച് സമത്വത്തിലേക്ക് നീങ്ങണം.
സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഭവൻ, മലയാളം മിഷൻ, കേരള ചലച്ചിത്ര അക്കാദമി, കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങൾ ക്യാമ്പയിൻ പ്രവർത്തനങ്ങളിലൂടെ പരിപാടിക്ക് നേതൃത്വം നൽകുന്നുണ്ട്. സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മറ്റു സാംസ്കാരിക സ്ഥാപനങ്ങൾ, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, യുവജന കമ്മീഷൻ, നാഷണൽ സർവ്വീസ് സ്കീം. സ്കൗട്ട് ആൻറ് ഗൈഡ് എന്നിവ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകും. ഇവരുടെ പ്രതിനിധികൾ സമത്തിൻ്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ വിശദീകരിച്ചു.
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, യുവജനങ്ങൾ, മുതിർന്നവർ എല്ലാവരുടെയും മനസ്സറിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയിൽ വിവിധങ്ങളായ 23 ഇനം പരിപാടികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു.
പരിപാടിയുടെ ജില്ലാതല നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും ജില്ലാ കളക്ടർ കൺവീനറുമായി ജില്ലാതല കമ്മിറ്റിക്ക് രൂപം നൽകി.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ വികസന കാര്യ കമ്മീഷണർ അരുൺ കെ വിജയൻ, സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർ ജിസ് മോൻ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സബിത സി റ്റി, ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ ഒ എസ് സുബീഷ്, സാഹിത്യ അക്കാദമി കോർഡിനേറ്റർ കെ എസ് സുനിൽ, ട്രാൻസ്ജെൻ്റർ കമ്മ്യൂണിറ്റി പ്രതിനിധി വിജയരാജമല്ലിക, വിവിധ ഡിപ്പാർട്ട്മെൻ്റ്, സംഘടനാ പ്രതിനിധികൾ, കലാകാരന്മാർ എന്നിവർ പങ്കെടുത്തു.